കടന്നുപോകേണ്ട
വഴിയിലൊക്കെയും
കടന്നൽക്കൂടുകൾ
പതിയിരിക്കുന്നു.
മതിയാവുംവരെ
കൊതിച്ചൊരു യാത്ര
മതിയാക്കിപ്പാതി
തിരിച്ചു പോരുന്നു.
അതിരറിയാതെ
പറന്ന പക്ഷികൾ
അതിർത്തി രക്ഷ തൻ
വെടിയിൽ വീഴുന്നു.
പരുന്തിനെപ്പോലെ
പറന്നമോഹങ്ങൾ
പരിധിക്കിപ്പുറം
തളർന്നുപോകുന്നു.
അഖില ലോകവും
പിറന്നവീടെന്നു
കരുതിയ കവി
തുറുങ്കിലാവുന്നു.
മനുഷ്യരായിരം
മരിച്ചു വീഴുന്ന
മഹാമാരിക്കില്ല
മതിൽ വരമ്പുകൾ.
ഒരുമൽസ്യം പോലും
അറിഞ്ഞതേയില്ല,
കടലിനെപ്പോലും
പകുത്തൊരു കാര്യം !
അതിർ കടന്നെന്റെ
തൊടിയിലെത്തിയോ-
രെലിക്കറിയുമോ
എലുക വല്ലതും!
മനുഷ്യരാണത്രേ
മഹാമനീഷികൾ
അതിർത്തിരേഖയിൽ
കുടുങ്ങി നിൽപ്പവർ !
ഒരു കടലാസ്സിൽ
കുരുങ്ങും രേഖയായ്
ഒരു മഹാജന്മം
ഒതുങ്ങിപ്പോയവർ !
(രാജന്‍ കൈലാസ്: ആലപ്പുഴ ജില്ലയിൽ വള്ളികുന്നത്ത് ജനനം. ഫെഡറല്‍ ബാങ്കിലെ ജോലിയില്‍ നിന്നും 2014-ല്‍ സ്വയം വിരമിച്ചു. കൃത്യ അന്തര്‍ദ്ദേശീയ കാവ്യോത്സവത്തില്‍ രണ്ടുതവണ കവിത അവതരിപ്പിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്‍ററിന്‍റെ മാനവീയം പുരസ്കാരം, ഡോ. കെ ദാമോദരന്‍ കവിതാ പുരസ്കാരം (‘ബുൾഡോസറുകളുടെ വഴി) , മലയാള സമീക്ഷ പുരസ്കാരം ('ഒറ്റയിലത്തണൽ'), സ. എം.ടി ചന്ദ്രസേനന്‍ പ്രതിഭാ പുരസ്കാരം, പ്രവാസി മലയാളി പുരസ്കാരം, ലീലാമേനോൻ കവിതാ പുരസ്കാരം, ഡി.വിനയചന്ദ്രൻ കവിതാപുരസ്കാരം, ഫൊക്കാനാ പുരസ്കാരം എന്നിവ ലഭിച്ചു.
അഞ്ചു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. അകം കാഴ്ചകള്‍, ബുള്‍ ഡോസറുകളുടെ വഴി, ഒറ്റയിലത്തണല്‍, Shade of a Single Leaf, മാവു പൂക്കാത്ത കാലം.
Mob.7025212005.
Email: rajan.kailas@gmail.com)