രണ്ടു ചെവിയിൽ നിന്നും ഫോണിൻ്റെവള്ളി വലിച്ചൂരി ഓൺലൈൻ ക്ലാസ്സിൻ്റെ പൊട്ടക്കിണറ്റിൽ നിന്നും പുറത്തു വന്നപ്പോഴാണ്
കുന്നിൻ ചെരുവിലെ വഴിയിൽ നിന്നും ഓറഞ്ച് ഓറഞ്ചേയ് എന്ന വിളി കാതില്‍ കേട്ടത്.
ഓറഞ്ച് അവൾക്ക് ജീവനാണ് എത്ര തിന്നാലും പിന്നെയും പിന്നെയും അവളെ കൊതിപ്പിച്ചു കൊണ്ടേയിരിക്കുന്ന ഓറഞ്ച് തിന്നിട്ട് കുറച്ചു നാളായി. ഇന്നാളൊരിക്കൽ ഓറഞ്ചു തിന്ന് വയറുവേദന ഉണ്ടായേപ്പിന്നെ അച്ഛനുമമ്മയും ഓറഞ്ച് വാങ്ങിച്ചിട്ടില്ല. ഈ പെണ്ണിന് ഓറഞ്ചിൽ വല്ലോരും കൈവിഷം കൊടുത്തോ? ഓറഞ്ചിനോടുള്ള ആർത്തി കണ്ട് അമ്മ പറയുന്നതാണ്.
കാതിലയുടെ അച്ഛനും അമ്മയും വീടുകളിൽ കയറിയിറങ്ങി കച്ചവടം നടത്തുന്നവരായിരുന്നു. കൊവിഡ് കാലത്ത് രണ്ടാൾക്കും കച്ചവടത്തിനു പോകാൻ കഴിഞ്ഞിരുന്നില്ല. ഒരാഴ്ചയായി വീണ്ടും പോയിത്തുടങ്ങി. അല്ലാതെ എങ്ങനെ ജീവിക്കും. അച്ഛന് കലക്കച്ചവടം അമ്മയ്ക്ക് തുണിക്കച്ചവടം.
എല്ലാ തുണികളുമില്ല. സ്ത്രീകളുടെ മാത്രം. അതും നൈറ്റിയും അടിവസ്ത്രങ്ങളും മാത്രം.
തരക്കേടില്ലാത്ത കച്ചവടം. ബ്രേയ്സിയറും പാൻ്റീസു മൊക്കെ നല്ല ലാഭത്തിൽ ധാരാളം വിറ്റുപോകാറുണ്ട്.
പക്ഷേ കലക്കച്ചവടം അത്ര പോര. ചില ദിവസം ഉച്ചവരെ വീട് കേറിയാലും ഒന്നു പോലും വിറ്റു പോവില്ല. കുട്ടയിൽ നിറയെ ചട്ടീം കലോം കൊണ്ട് വിയർത്തൊലിച്ച് നടക്കുന്നത് കാണുമ്പോൾ ചില അമ്മച്ചിമാർ വിളിച്ചു കേറ്റും. കുട്ടപിടിച്ച് താഴെ ഇറക്കി വെക്കും. എന്നിട്ട് മൊത്തത്തിലൊരു വിലപറച്ചിലാ. ഇതെല്ലാം തിരിച്ചു ചുമക്കുന്നതിലും ഭേദമല്ലേ വിറ്റിട്ടു പോകുന്നത് ഇനിപ്പോ വിറ്റുപോയാൽ തന്നെ ഇനിയും എത്ര വീട് കയറിയിറങ്ങണം. ഇതാകുമ്പോ മൊത്തം വിറ്റുപോകുവേം ചെയ്യും നേരത്തിനും കാലത്തിനും വീട്ടിലുമെത്താം. ഇങ്ങനെയൊക്കെ പറഞ്ഞോണ്ട് മുഴുവൻ പാത്രങ്ങളുമെടുത്ത് നിരത്തും.അങ്ങനെയുള്ള അവസരങ്ങളിൽ മുടക്കുമുതലും ഇത്തിരി വെള്ളം കുടിക്കാനുള്ളതും ചേർത്ത് വില പറഞ്ഞ് അങ്ങ് വിറ്റിട്ടു പോരും.
പക്ഷേ ഭാര്യ ചിലമ്പിക്കതു പിടിക്കില്ല. "വാങ്ങിയ വിലയ്ക്കു വിൽക്കാനാണേ എന്തിനാ
കേശവാ നീ കച്ചവടത്തിനു പോണേ കള്ളുകുടിക്കാനോ. അതിനുള്ള കാശു വേണേ ഞാൻ തരുമല്ലോ" എന്ന് പറഞ്ഞ് വഴക്ക് പറയും
ചിലപ്പോൾ നല്ല കിഴുക്കും കൊടുക്കും.
കലക്കച്ചവടം നിർത്താൻ പറഞ്ഞാൽ മൺപാത്രങ്ങളോടൊപ്പമാ ഞാൻ വളർന്നേ അതില്ലാത്തൊരു ജീവിതം എനിക്ക് പറ്റില്ല എന്നു പറയും കേശവൻ.
ചിലമ്പിയേക്കാൾ മൂന്നു നാലു വയസ്സിനിളയതാണ് കേശവൻ. ചിലമ്പിയുടെ അച്ഛനുമമ്മയ്ക്കും ഷാപ്പിൽ കറിക്കച്ചവടമായിരുന്നു. അച്ഛനു വയ്യാതായപ്പോൾ അമ്മയുടെ കൂടെ ചിലമ്പിയും ഷാപ്പിൽ പോകുമായിരുന്നു. കള്ളിനും നല്ല എരിവുള്ള കറിയ്ക്കും ഒപ്പം ചിലമ്പിയെന്ന കറുത്ത സുന്ദരിയും ഷാപ്പിലെ പതിവുകാരനായ കേശവനിലേക്ക് എരിഞ്ഞിറങ്ങി.
തന്നേക്കാൾ പ്രായക്കൂടുതലുള്ള ചിലമ്പിയുമായി കേശവൻ ഒരു നാൾ നാടുവിട്ടു.
അമ്മയുടെ സൂക്ഷിപ്പു പാത്രത്തിൽ നിന്നും അമ്പതു രൂപയെടുത്ത് കൊടുത്തിട്ട് കാതില അനിയനോടു പറഞ്ഞു:
"എടാ ചെക്കാ വഴിയേ ഓറഞ്ചു വണ്ടി വരുന്നുണ്ട് ഓടിപ്പോയി മേടിച്ചോണ്ടു വാ "
" എൻ്റെ കാലു വയ്യെടി ചേച്ചീ ."
ഇന്നലെ കെട്ടഴിഞ്ഞു പോയ പശുക്കുട്ടിയേപ്പിടിക്കാൻ ഓടിയതാ. തട്ടി വീണ് മുട്ടു രണ്ടും പൊട്ടി. ഉപ്പും മുരിങ്ങയിലയും കൂടി അരച്ച് പൊത്തി വച്ചിരിക്കുവാ മുറിവിനു ചുറ്റും. മുട്ടിനു രണ്ടിനും നീരുണ്ട്.
ഇനിപ്പോ എന്തു ചെയ്യും. കുന്നിറങ്ങി വഴിയിലേക്കെങ്ങും പോകരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ഓറഞ്ച് ഓറഞ്ചേയ്
നല്ല മധുരമുള്ള ഓറഞ്ചേയ്.
"എടാ ചെക്കാ ഞാൻ ഓടിപ്പോയി ഓറഞ്ചു വാങ്ങിച്ചു വരാമേ-- "
അവൾ ഇട്ടിരുന്ന വേഷത്തോടെ ഓടി ."ഈ അച്ഛനുമമ്മയ്ക്കും വീട് വയ്ക്കാൻ വേറെ ഒരിടവും കിട്ടിയില്ലേ ഈ കുന്നിൻപുറമല്ലാതെ..
എന്ന് ചിന്തിച്ചുകൊണ്ട് ചാടിച്ചാടി കുന്നിറങ്ങുന്ന അവളുടെ പിന്നാലെ മരച്ചില്ലകളിലൂടെ ചാടിച്ചാടി ഒരു കുരങ്ങനും പോയി. അവളുടെ ചാട്ടത്തിൻ്റെ ശബ്ദവും കൊലുസിൻ്റെ കിലുക്കവും കേട്ട് ഒരണ്ണാറക്കണ്ണൻ മരത്തിനു മുകളിലേക്ക് ഓടിക്കയറി താഴേക്കു നോക്കിചിലച്ചു.
കല്ലിലിരുന്ന ഓന്ത് പച്ചിലകൾക്കിടയിലേക്ക് ഓടിക്കയറി നിറം പച്ചയാക്കി ചുറ്റും മിഴിച്ചു നോക്കിയിരുന്നു. അവളുടെ കാൽ തട്ടി ഒരു ഉണ്ടക്കല്ല് അവൾക്ക് മുന്നേ കുന്നിറങ്ങിപ്പോകുന്ന ശബ്ദം കേട്ട ഉപ്പൻ ഉപ്പ് ഉപ്പ് എന്ന് ഉച്ചത്തിൽ പറഞ്ഞ് പൊന്തക്കാട്ടിലൊളിച്ചു.
കൊവിഡ് കാരണം സ്ക്കൂൾ അടച്ചേപ്പിന്നെ കാതില കുന്നിറങ്ങിയിട്ടേയില്ല. കുന്നിൻ ചെരിവിലെ കലമ്പട്ടപ്പൂവും കായാമ്പൂവും കാട്ടു കൊങ്ങിണിപ്പൂക്കളുമൊക്കെ കാതിലയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. രണ്ടു മൂന്നു പൂമ്പാറ്റകൾ അവളുടെ തലയെ തൊട്ടുരുമ്മി പറന്നു പോയി. അവളുടെ കാൽപാദങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കരിയിലകൾക്കിടയിലൂടെ പാമ്പൊരെണ്ണം ഇഴഞ്ഞു പോയി. കുറച്ചു ദൂരെ എറിയൻ്റെ കാലിൽ നിന്നു പിടി വിട്ട കോഴിക്കുഞ്ഞ് പാതി ജീവനോടെ കരഞ്ഞുകൊണ്ട് താഴേയ്ക്കു വീഴുന്നതു കണ്ട മറ്റൊരു പരുന്ത് അതും റാഞ്ചിയെടുത്ത് പറന്നു. കുന്നിൻചരിവിലെവിടെയോ നിന്ന് പാമ്പിൻ്റെ വായിൽ പെട്ട തവള ജീവനുവേണ്ടി നിലവിളിച്ചു കൊണ്ടിരുന്നു.
ഓറഞ്ച് വാങ്ങാൻ കുന്നിറങ്ങി പോകുന്ന
കാതില എന്ന പന്ത്രണ്ടു വയസ്സുകാരി പെൺകുട്ടി പക്ഷേ ഇതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. കാണുന്നുണ്ടായിരുന്നില്ല.
ഓറഞ്ച് ഓറഞ്ചേയ് എന്ന വിളി അകന്നു പോകും മുമ്പ് അവൾക്ക് വഴിയിലെത്തണം. അമ്മയും അച്ഛനും വരാൻ സമയമാവുന്നു. അവർ വരും മുമ്പ് ഓറഞ്ചും വാങ്ങിച്ച് തിരിയെ വീട്ടിലെത്തണം.
അതിനാണ് നടക്കാതെ മറ്റൊന്നും ശ്രദ്ധിയ്ക്കാതെ അവൾ ചാടിയോടി കുന്നിറങ്ങുന്നത് ഒരു പൂമ്പാറ്റയേപ്പോലെ .
പെട്ടെന്നാണവളോർത്തത് ഫോൺ ഒളിപ്പിച്ചു വയ്ക്കാൻ മറന്നു പോയ കാര്യം. ഓറഞ്ച് വിളി കേട്ടപ്പോൾ കൊതി മൂത്ത് ഓടിയിറങ്ങിപ്പോന്നു. ആ ചെക്കൻ കണ്ടാൽ അതെടുത്ത് കുത്തിക്കളിക്കും.
അവൾ താഴെ എത്തിയതും വണ്ടിയെത്തിയതും ഏതാണ്ടൊരേ സമയമായിരുന്നു. അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
മുഖത്തേയ്ക്ക് പാറി വീണ മുടിയിഴകളെ പിന്നോട്ടൊ തുക്കിവച്ച് ഉടുപ്പ് വലിച്ച് നേരെയാക്കി വഴിയിലേക്ക് കയറി നിന്ന് അവൾ വണ്ടിയ്ക്കു കൈ നീട്ടി.
ഒരു ചെറിയ പെട്ടിഓട്ടോറി ക്ഷയായിരുന്നു അത്.
വണ്ടി നിർത്തിയപ്പോൾ അൻപതു രൂപ നീട്ടീ അവൾ പറഞ്ഞു: ഓറഞ്ച് .
"ഓറഞ്ചോ ?.
" ആ, ഓറഞ്ചില്ലേ തീർന്നു പോയോ?"
വണ്ടിയുടെ ഡ്രൈവർ ഒരു മധ്യവയസ്ക്കൻ. അയാൾ വഴിയുടെ ഇരുവശത്തും നോക്കി വീടുകളൊന്നുമില്ല.
"മോളുടെ വീടെവിടെയാ?"
"ദാ അവിടെ "
അവൾ കുന്നിൻ മുകളിലേക്ക് ചൂണ്ടിക്കാണിച്ചു.
ഇത് ഓറഞ്ചു വണ്ടിയല്ല. എന്ന് പറഞ്ഞ് അയാൾ വണ്ടി വിട്ടു പോയി. കണ്ണാടിയിലൂടെ കണ്ട അവളുടെ രൂപം ശുദ്ധമല്ലാത്തൊരു സാധ്യതയെ ചിന്തയിലേക്ക് കൊണ്ടു വന്നത് കുടഞ്ഞെറിഞ്ഞിട്ട് വണ്ടിക്കു വെളിയിലേക്ക് തലയിട്ട് അയാൾ വിളിച്ചു പറഞ്ഞു: ''ചിലപ്പോ വല്യ മഴ പെയ്തേക്കും മോള് വീട്ടിൽ പൊയ്ക്കോ. ഒറ്റയ്ക്ക് വഴീ നിക്കണ്ട "
പക്ഷേ കാതില അത് കേട്ടില്ല.
ഈ ഓറഞ്ചു വണ്ടി എവിടെ പോയിക്കിടക്കുവാ.. അവൾക്ക് ദ്യേഷ്യം വന്നു.
താൻ നല്ല വ്യക്തമായി പല പ്രാവശ്യം കേട്ടതാണല്ലോ ഓറഞ്ച് ഓറഞ്ചേയ് എന്ന്.
കുറച്ചു നേരവും കൂടി കാത്തിരുന്നിട്ട് തിരിച്ചു പോകാം. അവൾ വഴിയരികിലെ ഒരു കല്ലിൽ കയറി ഇരുന്നു .ഒരു പക്ഷേ താൻ എത്തും മുമ്പ് ഓറഞ്ചു വണ്ടി കടന്നു പോയോ ?
ഏയ് ഒരിക്കലുമില്ല.
ബസ്സ് വരുന്ന ഒച്ചകേൾക്കുമ്പോൾ വീട്ടിൽ നിന്നിറങ്ങിയോടി വന്ന് വണ്ടിയിൽ കേറി സ്ക്കൂളിൽ പോയിരുന്നതല്ലേ .
"കാതിലേ, നിനക്കിത്തിരി നേരത്തെ വീട്ടിൽ നിന്നിറങ്ങിയാൽ ഈ ഓട്ടം ഓടണോ? "അമ്മ ചോദിക്കും കൂട്ടുകാർ ചോദിക്കും. ബസ്സിലെ കിളി യും ചോദിക്കും. അവൾ വെറുതെ ചിരിക്കും. ഒരു ഓട്ടക്കാരിയാകണമെന്ന ആഗ്രഹത്തെ അവൾ ആ ചിരിയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
ആഗ്രഹമുണ്ടെങ്കിലും ഇതുവരെ സ്ക്കൂളിലെ മത്സരത്തിനൊന്നും കൂടിയിട്ടില്ല.പലപ്പോഴും പേര് കൊടുത്തിട്ടുണ്ട്. പക്ഷേ മത്സരത്തിൻ്റെ സമയത്ത് പേര് വിളിക്കുമ്പോൾ ആമയേപ്പോലെ ഉൾവലിയും. ആരും കാണാതെ ഒളിച്ചിരിക്കും.
ഒരിക്കൽ ഞാൻ മത്സരിക്കും. ഉറപ്പായും മത്സരിക്കും. അന്ന് എന്നേക്കാൾ വേഗത്തിൽ ആരും ഓടുകയില്ല.
അവൾ മനസ്സിൽ പറഞ്ഞുറപ്പിക്കം.
കാതില തിരിച്ചു പോകാൻ തുടങ്ങുമ്പോൾ
ഓറഞ്ച് - ഓറഞ്ചേയ്
അവൾ ഞെട്ടിത്തിരിഞ്ഞു.
ഓറഞ്ച് വണ്ടിയല്ല. ഓറഞ്ച് മനുഷ്യൻ. തലയിലിരിക്കുന്ന വലിയ കുട്ടയിൽ ഓറഞ്ച്..
എനിക്ക് ഓറഞ്ചു വേണം. എന്ന് പറഞ്ഞ് 50 രൂപ നീട്ടിയപ്പോഴാണ് അയാളുടെ കഴുകൻ മുഖം കാതില ശ്രദ്ധിച്ചത്.
അവൾ ഞെട്ടിപ്പോയി.
ഒരിക്കൽ ബസ്സിൽ വച്ച് സ്ക്കൂൾ ബാഗു മേടിച്ച് മടിയിൽ വച്ച് തന്നെ അടുത്തിരുത്തിയിട്ട് തൻ്റെ കൈ ബലമായി പിടിച്ച് ....... മിണ്ടരുതെന്ന് കണ്ണുരുട്ടി പേടിപ്പിച്ച് --ഛെ ......
പിന്നീട് കുറേ നാൾ ഇടത്തെ കൈപ്പത്തിയെയും വിരലുകളേയും അറപ്പായിരുന്നു. തൻ്റേതല്ലാത്ത വൃത്തികെട്ട എന്തിനെയോ പോലെ ഇടം കൈയ്യിനെ കൊണ്ടു നടന്നു അവൾ.
ആ കഴുകൻമുഖം ഓർക്കുമ്പോൾ ഛർദ്ദിക്കാൻ വരുമായിരുന്നു. ഈ വയസ്സൻ മുഖവും അതുപോലെ. അവൾ പേടിച്ച് പുറകോട്ട് മാറി.
"എന്താ കുട്ടി ഓറഞ്ച് വേണ്ടേ. നോക്കൂ നല്ല മധുരമുള്ളതാണ്."
"വേണ്ട .എനിക്ക് വേണ്ട."
അവൾ തിരിഞ്ഞു നടന്നു.
"കുട്ടി നില്‍ക്കൂ, വാങ്ങിയിട്ടു പോ.എത്ര നേരം ഞാനാ കവലയിലിരുന്നു. ആരും എൻ്റെ ഓറഞ്ചുവാങ്ങിയില്ല കുട്ടിയെങ്കിലും '--- "
"എനിക്ക് നിങ്ങളെ പേടിയാ.. "
നടക്കുമ്പോൾ അവൾ വിളിച്ച് പറഞ്ഞു.
"പേടിക്കേണ്ട. ഞാൻ ഒന്നും ചെയ്യില്ല."
"ചെയ്യും നിങ്ങടെ മുഖം കണ്ടാലറിയാം."
"എൻ്റെ മുഖം ഇങ്ങനെയായത് എൻ്റെ കുറ്റമാണോ -- "
ഓറഞ്ചിനോടുള്ള കൊതിയെ പേടി തോല്പിച്ചു കളഞ്ഞിരുന്നു.
"എനിക്കൊരു പേരക്കുട്ടിയുണ്ട് നിന്നേപ്പോലെ. അവൾ വീട്ടിൽ ഒറ്റയ്ക്ക് എന്നേയും കാത്തിരിപ്പുണ്ട്.മഴക്കുമുമ്പ് വീടെത്തണം."
കാതിലയ്ക്ക് പാവം തോന്നി. അവൾ രണ്ടടി പിന്നോട്ടുവച്ചു.
"ഇന്ന് അവളുടെ പിറന്നാളാ എന്തെങ്കിലും വാങ്ങിച്ചു കൊടുക്കണം .അവൾക്ക് ഞാനേയുള്ളു. അയാൾ തോളിൽ കിടന്ന തോർത്തു കൊണ്ട് കണ്ണ് തുടച്ചു. "
കാതില വലം കയ്യിൽ ചുരുട്ടിപ്പിടിച്ച രൂപയിലേക്ക് നോക്കി പറഞ്ഞു.
പാവം!എല്ലാ മനുഷ്യരും ചീത്തയാവില്ലല്ലോ .അവൾ നടന്ന ദൂരം തിരിച്ചു നടന്ന് അയാൾക്കരികിലെത്തി രൂപ നീട്ടി.
അയാൾ ഓറഞ്ച് പൊതിഞ്ഞെടുത്ത് അവൾക്ക് കൊടുത്തു.
"അമ്പതു രൂപയ്ക്ക് എന്തുവാങ്ങിയ്ക്കും?
"എന്തെങ്കിലും വാങ്ങിക്കണം. അവള് പറഞ്ഞത് കൊലുസാ-- സാരമില്ല അടുത്ത പിറന്നാളിന് മേടിക്കാമെന്ന് പറയാം."
കാതില ഒരു കാലിലെ വെള്ളിക്കൊലുസ്സ് ഊരി അയാൾക്ക് നീട്ടി.
"ഇത് ആ കുട്ടിയ്ക്ക് കൊടുത്തേക്കൂ.അമ്മ ചോദിച്ചാൽ കളഞ്ഞു പോയീന്നു പറയാം. ഞാനിനി ഒറ്റക്കൊലുസേ ഇടുന്നുള്ളു.ഇത് ആ കുട്ടിയും ഇട്ടോട്ടെ."
വാങ്ങിക്കാൻ മടിച്ചു നിന്ന അയാളുടെ കൈയ്യിലേക്ക് അവളത് വച്ചു കൊടുത്തു.
ആ മനുഷ്യൻ കണ്ണീരിലൂടെ ചിരിച്ചു.അത്ര ഭംഗിയുള്ള ചിരി കാതില മുമ്പ് കണ്ടിട്ടില്ല.
പെട്ടെന്ന് മഴ ചാറാൻ തുടങ്ങി.
"ചാറ്റൽ മഴ നനഞ്ഞാൽ പനി പിടിക്കും മോള് വേഗം പൊയ്ക്കോ"
തിരിയെ കുന്നു കയറുമ്പോൾ കാതില അണ്ണാൻ ചിലയ്ക്കുന്നതു കേട്ടു ..പച്ചിലയിൽ പച്ചയായിരിക്കുന്ന ഓന്തിനെ കണ്ടു. പൂക്കൾ അവളെ നോക്കി ചിരിക്കുന്നതു കണ്ടു. അങ്ങേ ചെരുവിൽ ആകാശത്ത് പരുന്തിനെ കണ്ടു.സ്ക്കൂളിൽ പോകുമ്പോൾ എന്നും കാണാറുള്ള കുരങ്ങനെ കണ്ടു. അവളുടെ ഒറ്റക്കൊലുസിൻ്റെ ശബ്ദം കേട്ട് പൊത്തിൽ നിന്നൊരു പാമ്പ് തല ഉയർത്തി നോക്കിയത് അവൾ കണ്ടില്ല.
ഇടം കൈകൊണ്ട് ഓറഞ്ച് പൊതിയെ നെഞ്ചോടു ചേർത്ത് പിടിച്ച് കുഞ്ഞു മഴച്ചാറ്റിലൂടെ കാതില കുന്നുകയറുന്നതും നോക്കി അയാൾ നിന്നു.
(Image by starbright from Pixabay)
(കുമാരി എന്‍ കൊട്ടാരം: കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനടുത്ത് കട്ടച്ചിറയാണ് സ്വദേശം. പതിനാറാം വയസ്സില്‍ ആദ്യ ബാലകഥയും പത്തൊന്‍പതാം വയസ്സില്‍ ആദ്യചെറുകഥയും പ്രസിദ്ധീകരിച്ചു. പഠനശേഷം എഴുത്തില്‍ സജീവമായി. ആനുകാലികങ്ങളില്‍ വന്ന കഥകളുടെ രണ്ടു സമാഹാരങ്ങള്‍ “നിങ്ങളും ഭാര്യയും ചെടിയും”, “വെറുതെ നടക്കാനിറങ്ങിയവര്‍” എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയില്‍ ചെറുകഥകളും നാടകങ്ങളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോട്ടയം അഡി. ജില്ലാകോടതിയില്‍ ബഞ്ച് ക്ലാര്‍ക്കായി ജോലി ചെയ്യുന്നു. ഇമെയില്‍: knkottaram@gmail.com)