thecreativespace

അനുഭൂതികളുടെ താളങ്ങളും അപതാളങ്ങളും

By ഡോ. കെ. രാജശേഖരന്‍ നായര്‍

കുറെ നാളായി നല്ല തിരക്കായിരുന്നു. എത്രയോ നാളായി മനസ്സിലിട്ട് താലോലിച്ചിരുന്ന അമൂര്‍ത്തമായ ഒരു വിഷയത്തിനെ ഒന്നു ക്രമീകരിച്ച്,
കഥകള്‍ ചേര്‍ത്ത് ഒരു പുസ്തകമാക്കാനുള്ള പ്ലാന്‍. മാറ്റി മാറ്റി വച്ചിരുന്ന
അതിന് ഒന്നു ജീവന്‍ വയ്പ്പിച്ചത് കേരള യൂണിവേഴ്സിറ്റിയിലെ ഫിലോസഫി
ഡിപ്പാര്‍ട്ടുമെന്‍റുകാര്‍ അവര്‍ക്കു വേണ്ടി ഒരു മണിക്കൂര്‍ പ്രഭാഷണം
നടത്തണമെന്ന് ആവശ്യപ്പെട്ടപ്പൊഴാണ്.
ചെല്ലാമെന്നു സമ്മതിച്ചത് മനസ്സിലുണ്ടായിരുന്ന കാര്യങ്ങള്‍ക്ക് ഒരു
അടുക്കുണ്ടാക്കുന്നതിനു വേണ്ടി ആയിരുന്നു. പറയണമെന്നു കരുതിയ കാര്യം
ജനനം തുടങ്ങുന്ന നിമിഷം മുതല്‍ മരിക്കുന്ന നിമിഷം വരെ എന്നില്‍
(നിങ്ങളില്‍) വന്നുവീഴുന്ന സംഖ്യാതീതമായ പ്രചോദനങ്ങള്‍ ‘എന്നെ’
ഞാനാക്കുന്ന (‘നിങ്ങളെ’ നിങ്ങളാക്കുന്ന) സ്മൃതിയുടെ അഗ്രാഹ്യവും,
അവ്യവഹാര്യവുമായ മായാപ്രപഞ്ചത്തെ കുറിച്ചാണ്. സ്ഥിരത്വമില്ലാത്ത
നിത്യപ്രവാഹമായ ആ സ്മൃതി തന്നെ മനസ്സാകുന്ന പരിണിതിയെ
കുറിച്ചാണ്. ആ സ്മൃതി എന്നെയും ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും എന്നില്‍
ഒതുങ്ങാത്ത സര്‍വവ്യാപിയായ ഒരു പ്രപഞ്ജസ്മൃതിയുടെ ഭാഗമാകുന്ന ഒരു
മഹാബോധധാരയുടെ ഫിസിയോളജി സാധാരണ പഠിപ്പിക്കേണ്ടി വരുന്നതില്‍
നിന്ന് എത്രയോ വ്യത്യസ്തം ആണ്.
പണ്ട് ഭട്ടതിരിപ്പാടിനോട് മീന്‍ തൊട്ടുകൂട്ടാന്‍ പറഞ്ഞ കഥയാണ് ആദ്യം
മനസ്സില്‍ വന്നത്. മീന്‍ തൊട്ടു കൂട്ടിയാലേ ഞാനുദ്ദേശിച്ച കഥയും ശരിയാവൂ.
മീനും പോരാ അതിനും മുമ്പുള്ള പരപ്പന്‍പുഴു (flat worm) തൊട്ടാവണം. വെറും
നെര്‍വ് നെറ്റില്‍ (nerve net) നിന്നു തുടങ്ങിയ നാഡീതന്തുക്കള്‍ മസ്തിഷ്കം
എന്നതിന്‍റെ ഒരു പ്രാഗ്രൂപം ഉണ്ടാവുന്നത് പരപ്പന്‍പുഴുവിലാണ്.
പിന്നെയവിടുന്ന് നാ‍‍‍ഡീതന്തുക്കള്‍ കൂടിച്ചേര്‍ന്ന്
സുഷുമ്നാനാഡിയാവുന്നതും, അവിടെ നിന്നും വളര്‍ന്ന് മസ്തിഷ്കത്തിന്‍റെ
പലതും വളരുന്നതും ഒക്കെ കഥകളായി പറയണം.
എന്നോ ഉണ്ടായിരുന്ന എന്നോ മണ്‍മറഞ്ഞുപോയ ജീവികളെയല്ല പറയേണ്ടത്.
സമുദ്രത്തിന്‍റെ താഴെതട്ടില്‍ വെളിച്ചം ഒട്ടും ചെല്ലാത്ത ഇടങ്ങളില്‍ മാത്രം
കിടക്കുന്ന ഹാഗ്ഫിഷിനെ കേട്ടിട്ടില്ലായിരിക്കും. പല നാടുകളിലും അതൊരു
പ്രിയഭക്ഷണമാണ്. അതിനെ ഒന്നു തൊട്ടാല്‍ മതി ദേഹത്തുനിന്നു
ഒഴിഞ്ഞുവരുന്ന ഒരു അരത്തുടം കൊഴുകൊഴുപ്പ് നിമിഷനേരം കൊണ്ട്
ആസുരഭാവമാര്‍ന്ന് ഉഗ്രരൂപമായി പൊട്ടിക്കാനാവാത്ത നാരുകളായി മാറി
ചുറ്റുമുള്ള സര്‍വ്വതിനേയും വരിഞ്ഞുമുറുക്കി കൊല്ലുന്ന ഹാഗ്ഫിഷ്
സ്ലൈമും, വന്‍മീനുകളെപ്പോലും ഒന്നോടെ കടിക്കാന്‍ വലിപ്പമുള്ള വായും
അതു നിറയെ കൂര്‍ത്ത പല്ലുകളുമുള്ള ലാംപ്രീ മീനുകളേയും, ചോരയുടെ ഒരു തുള്ളി മൈലു‌കള്‍ക്കകലെ വീഴുകയാണെങ്കില്‍ അതിന്‍റെ മണം പിടിച്ച് ചെല്ലുന്ന
വന്‍സ്രാവുകളേയും, ദശകങ്ങളോളം കഴിഞ്ഞാലും സുഹൃത്തുക്കളെ ഓര്‍ക്കുന്ന
ഡോള്‍ഫിനുകളേയും ഒക്കെ പറയേണ്ടി വരും.
ത്രിത്വസ്വഭാവമുള്ള മസ്തിഷ്കത്തിന്‍റെ വികാരകേന്ദ്രങ്ങളും, സ്നേഹവും,
കാമവും, തൃപ്തിയും സംയമനവും നിയന്ത്രിക്കുന്ന പാതകളും, ഓര്‍മ്മയുടെ ചെപ്പുകളും, സഹാനുഭൂതിയുടെ ഈറ്റില്ലമായ കണ്ണാടിക്കോശങ്ങളും (Mirror
Neurons), ഭാഷണവും ഭാഷയും തുടങ്ങിവച്ച ഒരു ജീന്‍ കഷണവും ( Fox P2 gene) പറയുമ്പോള്‍ അറിയാന്‍ വേണ്ട മുന്നറിവുകള്‍ ഇല്ലാത്ത
വിദ്യാര്‍ത്ഥികള്‍ക്കുപോലും അവയുടെ കഥകള്‍ മനസ്സിലാകുന്ന
രീതിയിലാവണം കഥചൊല്ലല്‍.
ചിന്തകളും, സങ്കല്പങ്ങളും, ഫാന്‍റസിയും, സര്‍ഗ്ഗാത്മതകതയും, മനസ്സും,
ബോധവും പിന്നെ ആത്മാവും ഒക്കെ മസ്തിഷ്കത്തിന്‍റെ
പ്രവര്‍ത്തനപരിധിയില്‍ വരും. അത് അതുപോലെ പറഞ്ഞു പോകണം
എന്നേയുള്ളൂ. ഞാനെന്ന ഭാവം മാറ്റി സര്‍വ്വവ്യാപിയായ കാലസ്ഥപുരുഷനെ
കുറിച്ചുള്ള സങ്കല്‍പം പോലും ന്യൂറോളജിക്കു വഴങ്ങും.
ഒരു മണിക്കുറിനു പ്ലാന്‍ ചെയ്താണ് പോയത്. കഥകള്‍
പറഞ്ഞുപറഞ്ഞുപോയപ്പോള്‍ ഒന്നര മണിക്കൂറും കഴിഞ്ഞുപോയത്
അറിഞ്ഞില്ല.
പറഞ്ഞതിലെത്ര കേട്ടവരുടെ തലയ്ക്കു പുറത്തു കൂടി പറന്നുപോയി
എന്നറിയില്ല. ഒരു പക്ഷെ അതിലൊരാള്‍ക്കെങ്കിലും മനസ്സിലായിരിക്കും.
പക്ഷെ ആ തത്ത്വങ്ങള്‍ ഉദാഹരിക്കാന്‍ പറഞ്ഞ കഥകളും കവിതകളും അവര്‍ക്കു മനസ്സിലായിരിക്കാം. ഭവഭൂതി എന്നൊരു പാവം കവി പണ്ടേ ആശിച്ചു പറഞ്ഞുപോയിട്ടുണ്ട്. ഒരുനാള്‍ ഒരാളെങ്കിലും വരും എന്നെ അറി‌യുന്നവനായി, കാലം അന്തമില്ലാത്തതും ഭൂമി വിപുലയുമാണല്ലോ എന്ന് (‘ഉത്പസ്യതേ മമതുകോപി സമാനധര്‍മ്മാഃ കാലോഹ്യയം നിരവധി വിപുലാ ച പൃഥ്വി’)
ഈ കഥകള്‍ അവിടെ ചൊല്ലിയതിനു എനിക്കാണ് കൂടുതല്‍ പ്രയോജനമുണ്ടായത്.
എന്നോ പഠിച്ചു വച്ച പലതും എങ്ങനെ ഒന്നു ഒതുക്കണമെന്ന്
വിചാരിക്കുകയായിരുന്നു. ജര്‍മന്‍ ഒര്‍ഗാനിക് കെമിസ്റ്റായിരുന്ന ആഗസ്റ്റ്
കെക്കൂളിന് (1829- 1896) ബെന്‍സീന്‍ തന്മാത്രയുടെ വളയാകൃതി തോന്നിയത് ഒരു
ഉച്ചയുറക്കത്തിന്‍റെ സുഖത്തില്‍ സ്വന്തം വാലു വിഴുങ്ങുന്ന പാമ്പിനെ
സ്വപ്നം കണ്ടതുകൊണ്ടാണെന്ന് ചരിത്രം. സാധാരണചെയ്യുന്ന സകല
തീവ്രശ്രമങ്ങളും വിട്ട് അവയെല്ലാം മറന്ന്, സ്വസ്ഥമായി
വേറെയെന്തെങ്കിലും ചെയ്യുമ്പോഴാണ് സര്‍ഗ്ഗശക്തിയുടെ ധ്രൂവദീപ്തികള്‍
മനസ്സിലങ്ങനെ തെളിയുന്നത്. ഫിലോസഫി എന്‍റെ മേഖലയേയല്ല. അവിടെ
ചെന്നപ്പോള്‍ ഞാനെന്‍റെ പരിചിതമേഖലവിട്ട് വേറൊരു അപരിചിതവീഥിയില്‍
എത്തിയതിന്‍റെ ഉല്ലാസത്തിലായിരുന്നു. കണക്കുവഴികള്‍ വിട്ട്
കണക്കില്ലാത്ത വഴികളിലെത്തിയതിന്‍റെ സ്വാതന്ത്ര്യം.
തിരിച്ചു വന്ന നേരം തന്നെ മനസ്സില്‍ തോന്നിയ ചര്‍ച്ചാരീതിയുടെ ഒരു
മുന്‍-പിന്‍ ഒതുക്കം എന്‍റെ സ്ക്രാപ് ബുക്കിലാക്കി. മനസ്സിലൊരു പേരും
കൊടുത്തു അനുഭൂതികളുടെ താളങ്ങളും അപതാളങ്ങളും. ഇനി ഒരു നാള്‍ അങ്ങനെ എഴുതിത്തുടങ്ങിയാല്‍ മതി. ആ നാള്‍ വരാനാവും ഇനിയുള്ള ആശ.

 

(ഡോ. കെ. രാജശേഖരന്‍ നായര്‍: എമെറിറ്റസ് പ്രൊഫസ്സര്‍ ഓഫ് ന്യൂറോളജി, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഇന്‍ ന്യൂറോളജി, കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍സ്, തിരുവനന്തപുരം. മുന്‍ ഡയറക്റ്റര്‍-പ്രൊഫസ്സര്‍ & ഹെഡ് ഓഫ് ന്യൂറോളജി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ന്യൂറോളജി, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം. ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ, ഇന്‍ഡ്യന്‍ അക്കാഡമി ഓഫ് ന്യൂറോളജി, ഇന്‍ഡ്യന്‍ എപിലപ്സി അസ്സോസിയേഷന്‍, എന്നിവയുടെ പ്രസിഡന്‍റായിരുന്നു. ന്യൂറോളജിക്കല്‍ ഗവേഷണത്തിന് ഇന്‍ഡ്യയിലെയും യു.കെ, യു.സ്,എ എന്നീ രാജ്യങ്ങളിലെയും യുണിവേഴ്സിറ്റികളില്‍ നിന്നും ശാസ്ത്ര-സാഹിത്യസംഘടനകളില്‍ നിന്നും അനേകം അവാര്‍ഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Evolution of Modern Medicine in Kerala, Despots, Diseases, Doctors and the Destiny of Mankind, Geriatric Neurology, Death: Before and Beyond, ഒരു പുഴയുടെ കഥ, രോഗങ്ങളും സര്‍ഗ്ഗാത്മകതയും, മനസ്സിന്‍റെ ബന്ധങ്ങളും ശൈഥില്യങ്ങളും, ഞാന്‍ തന്നെ സാക്ഷി, വൈദ്യത്തിന്‍റെ സ്മൃതിസൌന്ദര്യം, മുമ്പേ നടന്നവര്‍, മുഖസന്ധികള്‍ എന്നിവ ഏറെ ശ്രദ്ധ നേടിയ കൃതികളാണ്.)     

Recent Posts
Tiger Mother
ഓറഞ്ചു വാങ്ങിക്കാൻ…
PENCIL & INK
The River
Abnegation
Ode to the Self
Beyond the Seven Seas…
Insight
Shadows
അവസാനത്തെ പെൺകുട്ടി
പിച്ചാത്തി
HISTORY MIRACULOUS...
രാഗാന്വേഷി...
CONFESSION
Breaking Dust
Looking into my Shadow
Sacred Pain
The Veiled Rebecca
ഉത്തിഷ്ഠ പുരുഷി!,…
The Will of a Revolutionary
പ്രണയത്തിന്‍റെ…
On Creativity
അനുഭൂതികളുടെ താളങ്ങളും…
മറവി
Two Chennai Poems

View More >>