എന്നിലേക്കെത്തുന്ന നിന്‍റെ സന്ദേശങ്ങളുടെ
ഇടവേളകളുടെ ദൈർഘ്യം കൂടിയപ്പോൾ
എനിക്കു ചുറ്റുമുള്ള
നിന്‍റെ ഭ്രമണം
അവസാനിച്ചുവെന്നും,
നിന്‍റെ ഉടൽ
കാട്ടുതേൻപോലെ
സുരഭിലമാണെന്നും,
നീ കാട്ടുതീ പോലെ
പടർന്നേറുന്നുവെന്നും,
നിന്‍റെ കൊഞ്ചൽ വെള്ളിക്കിലുക്കമെന്നും
പറഞ്ഞ നാളുകൾ വിദൂരതയിലല്ല..
തൂവലുകൾ കൊഴിയുമ്പോഴുള്ള
ഭംഗിയില്ലായ്മയും,
ചുളിവുകളിലവസാനിക്കുന്ന
യൗവ്വനവും,
പുണരുന്ന ഉടലിന്‍റെ നൈർമ്മല്യമില്ലായ്മയും,
നയനരശ്മിയുടെ ഊർജ്ജക്കുറവും,
ആവർത്തനങ്ങളുടെ വിരസതയും
നിനക്കുണ്ടെന്ന തിരിച്ചറിവുണ്ടായപ്പോൾ, നിന്‍റെ ഭ്രാന്തൻ
പുതു ഭ്രമണങ്ങളറിഞ്ഞപ്പോൾ,
ഞാനുമൊരു
രാഗാന്വേഷിയായി...
(സുജാത കെ പിള്ള റിട്ടയേര്‍ഡ് ഹൈസ്കൂള്‍ അദ്ധ്യാപിക. “തിരസ്കൃത” എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലാകൌമുദി, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കഥയും കവിതയുമെഴുതാറുണ്ട്. ഇമെയില്‍: nairsujatha11@gmail.com)
(Image credit: Kranich17 from Pixabay)