അച്ഛന്‍റെ തലയണക്കീഴിൽ കടലാസ്സിൽ പൊതിഞ്ഞ് ആ പിച്ചാത്തി എപ്പോഴുമുണ്ടാവും.
പിത്തള പിടിയുള്ള ഭംഗിയുള്ളൊരു പിച്ചാത്തി. ഒരു കാര്യത്തിനേ അച്ഛനത് ഉപയോഗിച്ചു കണ്ടിട്ടുള്ളു. നഖം വെട്ടാൻ .
അമ്മയുടെ മരണശേഷം ഞങ്ങൾ അഞ്ചു മക്കളോടൊപ്പവും താമസിച്ചിട്ടുണ്ട് അച്ഛൻ അപ്പോഴൊക്കെയും ആ പിച്ചാത്തിയും കൂടെ കൂട്ടാറുണ്ട്, എത്ര വർഷം അതിനു പഴക്കമുണ്ട് എന്നറിയില്ല. കണ്ടാൽ പഴക്കം പറയില്ല. ആകാവുന്ന കാലത്ത് അച്ഛനത് തേച്ച് തേച്ച് മൂർച്ച കൂട്ടുന്നത് കണ്ടിട്ടുണ്ട്, നാക്ക് ഒരു വശത്തേക്ക് വളച്ച് കടിച്ച് പിടിച്ച് കൈ കാൽനഖങ്ങൾ വെട്ടുന്നത് കണ്ടിട്ടുണ്ട്. അച്ഛന്‍റെ നഖങ്ങൾക്ക് നല്ല കട്ടിയാണ്. ഈ .കട്ടിയുള്ള നഖം പിച്ചാത്തി കൊണ്ടേ വെട്ടാൻ പറ്റൂ. എന്നു പറയും അച്ഛൻ. ഒരിക്കൽ അച്ഛൻ ഉറങ്ങിക്കിടന്നപ്പോൾ ബ്ലേഡ് കൊണ്ട് കാൽ നഖം വെട്ടാൻ ശ്രമിച്ചതാണു ഞാൻ. ബ്ലേഡ് വളഞ്ഞതല്ലാതെ അച്ഛന്‍റെ നഖം മുറിഞ്ഞില്ല എന്‍റെ കൈ മുറിഞ്ഞത് മിച്ചം.
പ്രായം കൂടുകയും യാത്ര ചെയ്യാൻ ബുദ്ധിമുട്ടാവുകയും ചെയ്തപ്പോൾ ഇനി മക്കളോടൊപ്പം വയ്യ സ്വന്തം വീട്ടിൽ നില്ക്കണം എന്ന് വാശി പിടിച്ചു അച്ഛൻ. അമ്മയുടെ മരണശേഷം വീട് പൂട്ടിക്കിടക്കുകയായിരുന്നു
ഞങ്ങൾക്കാർക്കും സ്ഥിരം കൂടെ നില്ക്കാൻ പറ്റുമായിരുന്നില്ല, ഭാഗ്യത്തിന് പ്രായമായവരെ നോക്കി ശീലമുള്ള നല്ലൊരു ചെറുപ്പക്കാരനെ കിട്ടി. അവൻ അച്ഛനെ നന്നായി നോക്കുമായിരുന്നു. ഇടയ്ക്കിടെ അവനുമായി സ്റ്റണ്ട് കൂടാറുമുണ്ട്,.ഒരു ദിവസം അവൻ നെയിൽ കട്ടറുമായി നഖം വെട്ടാൻ ചെന്നപ്പോൾ അത് സമ്മതിക്കാതെ തലയണക്കീഴിൽ നിന്നും പിച്ചാത്തിയെടുത്തു. കത്തി ചെറുതാണെങ്കിലും അവൻ ഭയന്നു പോയി. "ഇതു കൊണ്ട് വെട്ടിയാൽ മതി.'
അത് കൊണ്ട് വെട്ടാൻ അവനറിയില്ല എന്ന് പറഞ്ഞപ്പോൾ ദേഷ്യമായി.
നെയിൽ കട്ടർ വലിച്ചെറിഞ്ഞിട്ട് കത്തികൊണ്ട് അച്ഛൻ കയ്യിലെ നഖം വെട്ടി, കാലിലെ നഖം വെട്ടാൻ ആവതും നോക്കി സാധിച്ചില്ല. കുനിയാൻ പറ്റിയിട്ടു വേണ്ടേ!
ഒരിക്കൽ ഞാൻ ചെല്ലുമ്പോൾ ആ പിച്ചാത്തി എടുത്തു തന്നിട്ട് അച്ഛൻ പറഞ്ഞു. "നീ ഇതൊന്ന് തേച്ച് മൂർച്ച കൂട്ടിക്കേ. "
" എത്ര പഴേതാ ഇത്. ഇതിന് എത്ര തേച്ചാലും മൂർച്ചയൊന്നും കൂടില്ല .ഇതു കൊണ്ടിനി നഖം വെട്ടേണ്ട അച്ഛാ. എങ്ങാനും മുറിഞ്ഞാൽ ചിലപ്പോ കുഴപ്പമാകും' "
"പിന്നേ .ഇത്രനാളും ഇത് കൊണ്ട് വെട്ടിയിട്ട് മുറിഞ്ഞിട്ടൊന്നുമില്ല നിനക്ക് തേക്കാൻ പറ്റില്ലെ ഇങ്ങോട്ടു തന്നേരെ' "
"അതല്ല അച്ഛാ. ഇത് കൊല്ലന്‍റെ കയ്യിലെങ്ങാനും കൊടുത്ത് രാകിക്കണം എന്നാലേ മൂർച്ച വരൂ. ഒത്തിരി പഴയതല്ലേ "
"ഇവിടെ ഒരു കൊല്ലനല്ലേ ഉണ്ടാരുന്നുള്ളു' അയാൾ ചത്തിട്ട് എത്ര കാലമായി .!
ഈ പിച്ചാത്തി അയാൾ പണിതു തന്നതാ. എന്നാ മൂർച്ചയാരുന്നു. എന്‍റെ നഖം വെട്ടിത്തന്നെയാ മൂർച്ച പോയേ. അയാളുടെ മക്കളൊന്നും കൊല്ലപ്പണി ചെയ്യുന്നില്ല. നെഞ്ചു വെള്ളമാക്കി ഇരുമ്പു ചതച്ച് മക്കളെയെല്ലാം പഠിപ്പിച്ചു. അവന്‍റെ പണി ചെയ്യാൻ ആരേം പടിപ്പിച്ചില്ല. ഒരുത്തിയൊഴിച്ച് എല്ലാവർക്കും പണിയുണ്ട് .രണ്ടാൺമക്കളും വിദേശത്താ.. പറഞ്ഞിട്ടെന്താ അവസാന കാലം വരെ ഇരുമ്പു ചതച്ചാ കൊല്ലനും കൊല്ലത്തീം കഞ്ഞികുടിച്ചേ. വല്ലപ്പോഴും വല്ല കാശും അയച്ചാലായി. കൊല്ലൻ കെടപ്പായപ്പോൾ പിച്ചാത്തി, വാക്കത്തി, അരിവാൾ മൂർച്ച കൂട്ടാനുണ്ടോ എന്നും ചോദിച്ച് കൊല്ലത്തി ഇറങ്ങി,
ഒരു ദിവസം കിട്ടിയ കാശിന് അരീം മേടിച്ചോണ്ട് ചെന്ന് കഞ്ഞി വച്ച് ചമ്മന്തീം അരച്ച് വച്ച് കൊല്ലനെ കഞ്ഞി കുടിക്കാൻ വിളിച്ചപ്പോ കൊല്ലൻ ഉണർന്നില്ല. പോയി,
പിന്നെ എന്നാ ബഹളാരുന്നു. മകള് വന്നു. ശവം കൊണ്ട് ആശുപത്രീ വച്ചു. ചീയാതിരിക്കാനേ. ആൺമക്കളു വന്നു. കേമായിട്ട് അടക്കു നടത്തി.
നാടു മുഴുവൻ വിളിച്ച് അടിയന്തിരം നടത്തി.
മക്കളാരോ പണിക്കത്തിയെ കൊണ്ടു പോയെന്നൊക്കെ കേട്ടു .
ആ സ്ഥലം മേടിച്ച് വീടൊക്കെ പൊളിച്ച് വേറെ മുട്ടൻ വീടൊക്കെ വച്ച് താമസം തൊടങ്ങി ഒരു മാപ്ല. പക്ഷേ രാത്രിയാകുമ്പം ഉലയൂത്തും ഇരുമ്പു തല്ലലും കാരണം ഒറങ്ങാൻ പറ്റത്തില്ലാരുന്നു.
പിന്നെ എങ്ങാണ്ടുന്നൊരു അച്ചനെ കൊണ്ടുവന്ന് വെഞ്ചരിപ്പിക്കയോ എന്തൊക്കെയോ ചെയ്തിട്ടാണ് താമസിക്കാൻ പറ്റീത്.
നീ ഓർക്കുന്നുണ്ടോ ആ കൊല്ലപ്പണിക്കനെ?
എനിക്കോർമ്മയുണ്ട്." കൊല്ലപ്പണിക്കത്തി എപ്പോ വന്നാലും അമ്മ എന്തെങ്കിലുമൊക്കെ കൊടുക്കുവാരുന്നു. നിന്‍റമ്മയ്ക്ക് അല്ലേലും എല്ലാരോടും സ്നേഹോം സഹതാപോം അല്ലാരുന്നോ. സങ്കടം കേട്ടാ അലിയുന്ന മനസ്സാ' അതു കൊണ്ട് ചെലരൊക്കെ പറ്റിക്കേം ചെയ്തിട്ടൊണ്ട്, എന്തായാലും ദൈവം അവളെ കഷ്ടപ്പെടുത്തീല്ല. പക്ഷേ ദൈവം എന്നെ പറ്റിച്ചു. അവൾക്കു മുന്നേ പോണംന്ന് ഒരു പാട് ആഗ്രഹിച്ചതാ, പ്രാർത്ഥിച്ചതാ കേട്ടില്ല ദൈവം.''
"അച്ഛനാ പിച്ചാത്തി ഇങ്ങു തന്നേ "
വിഷയം മാറ്റിയില്ലെങ്കി പതം പറഞ്ഞ് കണ്ണ് നിറയ്ക്കും.
അത് കാണാൻ എനിക്കും വയ്യ. അമ്മ പോയിട്ട് 10 വർഷമായി.ആ വേർപാടും സഹിച്ച് അച്ഛൻ തള്ളിവിട്ട 10 വർഷങ്ങൾ പാവം.!
"അച്ഛാ ഞാനീ പിച്ചാത്തി രാകിച്ച് മൂർച്ച കൂട്ടിച്ച് കൊണ്ടു വരാം .ഞങ്ങൾട വിടെ ഒരു കൊല്ലനുണ്ട്. എങ്ങാണ്ടുന്ന് വന്ന് വാടകയ്ക്കു താമസിക്കുന്നോരാ. .
അല്ലെങ്കിൽ പുതിയൊരു പിച്ചാത്തി വാങ്ങിത്തന്നാൽ മതിയോ ?"
"വേണ്ട വേണ്ട ഇതു മതി.എത്ര നാളായി കൂടെയുണ്ട്, ഈ അവസാന കാലം ഉപേക്ഷിച്ചു കളയാനോ അതിനു സങ്കടമാവില്ലേ? ഇതേ പാങ്ങുള്ളു. അടുത്ത പ്രാവശ്യം വരുമ്പോ കൊണ്ടുവരണം, അല്ലാതെ ബാഗിലിട്ട് കൊണ്ടു നടന്നിട്ട് മറന്നു പോയീന്ന് പറയരുത്"
അച്ഛൻ നന്നാക്കാനോ ബാറ്ററി മാറ്റാനോ ഇടയ്ക്ക് വാച്ച് എന്നെയാ ഏൽപ്പിക്കാറ്. അത് മറന്നു പോയി ബാഗിൽ നന്നെ കിടക്കാറുണ്ട് പിന്നെ വരുമ്പോഴും. .
"ഇല്ലച്ഛാ. "
ഞാനാ പിച്ചാത്തി പൊതിഞ്ഞ് അപ്പാൾ തന്നെ ബാഗിൽ വച്ചു.
തിരിച്ച് പോരാൻ നേരവും പിച്ചാത്തിയുടെ കാര്യം ഓർമ്മിപ്പിച്ചു അച്ഛൻ.
ഒരു പഴയ പിച്ചാത്തി രാകാൻ കൊടുക്കാൻ മടി തോന്നി. സാരമില്ല. അച്ഛനു കൊടുത്ത വാക്ക് പാലിക്കാതെ വയ്യ.
കൊല്ലന്‍റെ വീടെത്തും മുമ്പ് അടുത്ത വീട്ടിലെ രാധ പറഞ്ഞു - അത് വഴി പോകണ്ട കേട്ടോ... കൊല്ലൻ ഭാസ്ക്കരന് ചിക്കൻപോക്സാ.
പിച്ചാത്തി ബാഗിൽ തന്നെ കിടന്നു. അതെവിടെയെങ്കിലും എടുത്തു വച്ചാൽ മറന്നു പോകുമെന്ന് പേടിച്ച് ഞാനത് ബാഗിൽ തന്നെ സൂക്ഷിച്ചു. അത് കൊണ്ട് കുട 'കണ്ണട ,പേഴ്സ് ഇതിന്‍റെയൊക്കെ ഒപ്പം ആ പിച്ചാത്തിയും എന്നോടൊപ്പം യാത്ര ചെയ്തു. ദിവസവും ഓഫീസിൽ പോവുകയും വരികയും ചെയ്തു.
രണ്ടാഴ്ച കൂടുമ്പോൾ അച്ഛൻറടുത്ത് പോകുന്നതാണ്, കത്തി രാകിക്കാതെ എങ്ങനെ പോകും അച്ഛൻറടുത്ത്? പുതിയത് പോര അച്ഛന് .
മക്കൾ ചോദിച്ചു അമ്മ അച്ചാച്ചന്‍റടുത്ത് പോകുന്നില്ലേ?
പാഷൻ ഫ്രൂട്ട് പെറുക്കി വച്ചത് കൊണ്ടു കൊടുക്കണ്ടെ?
അച്ഛന് പാഷൻ ഫ്രൂട്ട് ഇഷ്ടമാണ്.
എന്തായാലും പോകാൻ തീരുമാനിച്ചു ഞാൻ.ഓഫീസിൽ നിന്നും നേരിട്ട് പോകാം.
കത്തി ശരിയാക്കി വച്ചിട്ടുണ്ട് രാവിലെ ധ്രുതിയിൽ ഇറങ്ങിയപ്പോൾ മറന്നു എന്നു പറയാം.
" ഞാനപ്പഴേ പറഞ്ഞില്ലേ നീ മറക്കുമെന്ന് .എത്ര വർഷമായി അതെന്‍റെ തലയണക്കീഴിൽ ഉണ്ടായിരുന്നതാ."
“അടുത്ത പ്രാവശ്യം മറക്കാതെ കൊണ്ടു വരാം”
ഞാൻ പറഞ്ഞു.
എന്തോ, വഴക്കൊന്നും പറഞ്ഞില്ല അച്ഛൻ.
ജോലിത്തിരക്കിനിടയിൽ അച്ഛന്‍റെ പിച്ചാത്തിയെ ഞാൻ മറന്നു.
കൊല്ലൻ ഭാസ്ക്കരനേയും അയാളുടെ ചിക്കൻപോക്സിനേയും മറന്നു.
അച്ഛന്‍റെ വെട്ടാറായ നഖങ്ങളെ മറന്നു.
ഒരു കേസിലെ ഒരു ചാർജ്ജ് ഷീറ്റ് കാണാനില്ല. ഷെഡ്യൂൾ ചെയ്ത കേസാണ്.
ടെൻഷൻ മൂലം ഉറങ്ങാൻ പോലും കഴിയുന്നില്ല. ഉറങ്ങിയാൽ തന്നെ ഉറക്കത്തിൽ കേസ് ഫയലുകൾ തിരഞ്ഞു കൊണ്ടേയിരുന്നു.
എങ്ങനെയെങ്കിലും അത് കിട്ടിയേ പറ്റൂ. സാധ്യതയുള്ള എല്ലാ വഴികളിലൂടെയും തപ്പിക്കൊണ്ടിരുന്നു.
പ്രാർത്ഥനകൾ, വഴിപാടുകൾ ...
അവസാനം മറ്റൊരു ഫയലിൽ നിന്നും അത് കിട്ടി, സമാധാനമായി.ഇതിനിടെ അച്ഛന്‍റടുത്ത് പോകാൻ പറ്റിയില്ല. ഒരു ദിവസം ഓഫീസിൽ പോകാനിറങ്ങിയപ്പോൾ ഭാസ്ക്കരനെ കണ്ടു. അപ്പോഴാണ് പിച്ചാത്തിയുടെ കാര്യമോർത്തത്. ഭാസ്ക്കരന്‍റെ മുഖം നിറയെ ചിക്കൻപോക്സിന്‍റെ പാടു കളുണ്ടായിരുന്നു.
എന്നെക്കണ്ട് പരിചയഭാവത്തിൽ ചിരിച്ചു അയാൾ.
"ഭാസ്കരാ എന്നാ കുളിച്ചെ?”
" ഒരാഴ്ചയായി. "
'വീട്ടിൽ മറ്റാർക്കെങ്കിലും..? "
"ഭാഗ്യത്തിന് ആർക്കും വന്നില്ല. അവര് വരാതിരിക്കാനുള്ള മരുന്നു കഴിച്ചാരുന്നു;”
ബസ്സ് വരുന്നത് കണ്ട് ഞാൻ ഓടിപ്പോയി. കത്തിയുടെ കാര്യം പറയാൻ പറ്റിയില്ല. എന്തായാലും രണ്ടു ദിവസം കഴിഞ്ഞാൽ രണ്ടാം ശനിയാഴ്ചയാ. ഭാസ്ക്കരന്‍റെ വീട്ടിൽ പോയി കത്തി രാകിച്ച് അപ്പോൾ തന്നെ വാങ്ങിപ്പോരാം.
ഞായറാഴ്ച അച്ഛന്‍റടുത്തു പോകാം.
എന്നോടൊപ്പം സ്റ്റോപ്പിൽ നിന്നും ബസ്സിൽ കയറിയ മണിച്ചേച്ചി എന്‍റടുത്താണിരുന്നത്
" ആ ഭാസ്ക്കരനോടൊക്കെ എന്തിനാ കൊച്ചേ സംസാരിക്കാൻ പോണേ?”
" എന്താ ചേച്ചീ.?''
''അവൻ ആള് ശരിയല്ല. കുടിയനാന്നേ. എന്നും ബഹളാ വീട്ടിൽ "
ഞാൻ ഒന്നും പറഞ്ഞില്ല.
ബഞ്ച് കയറും മുമ്പ് ഞങ്ങൾ ഒരു കത്തിയും എടുത്തു വയ്ക്കും. തൊണ്ടി സാധനം എടുക്കേണ്ടി വന്നാൽ. അതിന്‍റെ കെട്ടൊക്കെ മുറിച്ച് തൊണ്ടി പുറത്തെടുക്കാൻ കത്തിവേണ്ടിവരും. അന്ന് ബെഞ്ച് കയറാൻ നേരം കത്തി നോക്കിയിട്ട് കണ്ടില്ല.
"എന്‍റെ ബാഗിലൊരു കത്തിയുണ്ട് തല്ക്കാലം അതെടുക്കാം." എന്ന് പറഞ്ഞു ഞാൻ.
പക്ഷേ ബാഗിൽ കത്തി ഉണ്ടായിരുന്നില്ല. എല്ലാ അറയിലും നോക്കി.
കിട്ടിയില്ല. അതെവിടെപ്പോകാൻ?
ഞാനത് പുറത്തെടുത്തേയില്ലല്ലോ.
കോടതി പിരിഞ്ഞു കഴിഞ്ഞപ്പോൾ ബാഗിലുള്ളതെല്ലാം മേശപ്പുറത്ത് കുടഞ്ഞിട്ടു. കത്തി മാത്രം ഇല്ല.
അപ്പോഴാ ഓർത്തത് ബാഗിന്‍റെ സിബ്ബ് പോയത് നന്നാക്കാൻ കൊടുത്തിരുന്നു. ബാഗിലുള്ളതെല്ലാം എടുത്തു വച്ചിട്ടാണ് കൊടുത്തത്. ഇനിയിപ്പോൾ കത്തി ബാഗിൽ തന്നെ കിടന്നോ?
ലഞ്ച് ബ്രേക്കിന് ബാഗ് നന്നാക്കിയ കടയിൽ പോയി തിരക്കി.
അയാൾ സിബ്ബ് ശരിയാക്കി എന്നല്ലാതെ ബാഗിലൊന്നും നോക്കീട്ടില്ലത്രെ!
ഇനി എന്തു ചെയ്യും?
എനിക്കാകെ സങ്കടമായി.
ഒരു പഴയ പിച്ചാത്തിയാണെങ്കിലും എനിക്കത് കിട്ടിയേ തീരൂ.
വീട്ടിലെത്തി കുട്ടികളോട് തിരക്കി, “ആരെങ്കിലും അമ്മയുടെ ബാഗിൽ നിന്നും കത്തി എടുത്തോ?”
ഇല്ല - അവർ കണ്ടില്ല എടുത്തില്ല.
അച്ഛനോട് ഞാൻ എന്തു പറയും?.
ഓർത്തിട്ട് ഒരു സമാധാനവുമില്ല. വീട്ടിൽ സൂക്ഷിച്ചാൽ മതിയായിരുന്നു. ഇനി പറഞ്ഞിട്ടെന്താ?
കഴിഞ്ഞ ദിവസങ്ങളിൽ പോയ കടകളിലൊക്കെ പോയി തിരക്കി. പേഴ്സ് പുറത്തെടുത്തപ്പോഴെങ്ങാനും കടലാസ് പൊതികൂടി ഒപ്പം പോരുകയോ താഴെ വീഴുകയോ മറ്റോ. --
ബാഗുമായി എവിടൊക്കെ പോയോ അവിടെയൊക്കെ തിരക്കി നടന്നു. ഒരു രക്ഷയുമില്ല.
ഇതിനിടെ ചേച്ചിമാർ വിളിച്ചു അവരോടൊക്കെ അച്ഛന്‍ പറഞ്ഞത്രെ! ഞാൻ പിച്ചാത്തി കൊടുത്തില്ലെന്ന് .
വേറെ ഒന്നു കൊണ്ടും നഖം വെട്ടാനും സമ്മതിക്കുന്നില്ലത്രെ!
ഒരു കുഞ്ഞു പിച്ചാത്തിയുടെ പേരിൽ ഞാനനുഭവിക്കുന്ന മാനസിക സംഘർഷം ചെറുതല്ല. .അത് പോലെ തോന്നിക്കുന്ന ഒരു പിച്ചാത്തി തേടി പല കടകളിലും കയറിയിറങ്ങി.
കിട്ടിയില്ല.
അങ്ങനെയിരിക്കെ കൊവിഡ്-19 വന്നു .രാജ്യം അടച്ചു പൂട്ടി. അതും ഒരു കണക്കിനു നന്നായി.
എന്നെ കാണാത്തതു കൊണ്ട് അച്ഛനും അച്ഛനെ കാണാത്തതു കൊണ്ട് എനിക്കും സങ്കടമുണ്ടായിരുന്നു.
എന്തു ചെയ്യാൻ.?
ലോക്ഡൗൺ മാറി ഓഫീസിൽ പോയിത്തുടങ്ങി.
ഒരു ദിവസം സമയം കിട്ടിയപ്പോൾ തീർന്ന കേസുകളുടെ തൊണ്ടികൾ തിരിച്ചു കൊടുക്കാമെന്നു കരുതി എല്ലാം പരിശോധിച്ച് എടുത്തു വച്ചു.
അപ്പോഴതാ
''ഇതേതു കേസിന്‍റെയാ സാറേ?” ബെഞ്ച് ഡ്യൂട്ടിക്കു നിന്ന ഉഷ ചോദിച്ചു.
കേസ് നമ്പരോ ക്രൈം നമ്പരോ ഒന്നുമെഴുതാത്ത ഒരു ചെറിയ പൊതി.
“ഇത് മാർക്ക് ചെയ്തിട്ടുമില്ലല്ലോ"
" പൊതിയഴിച്ചു നോക്ക് "
"ദാ സാറേ ചെറിയൊരു കത്തിയാ"
"എവിടെ .. നോക്കട്ടെ”
ഇത് ആ പിച്ചാത്തിയാണല്ലോ ഇതെങ്ങനെ -- ..?
--- ഓ അന്ന് ബാഗിലുള്ളതെല്ലാം മേശപ്പുറത്ത് എടുത്തു വച്ചിട്ടാണ് നന്നാക്കാൻ കൊണ്ടു പോയത് .അന്ന് ഒരു കുത്തുകേസിന്‍റെ
വിചാരണയുണ്ടായിരുന്നു. അതിന്‍റെ തൊണ്ടിയുടെ കൂടെ എടുത്ത് മാറ്റിവച്ചതായിരിക്കും. ആ കേസ് സെറ്റിൽഡ് ആയതു കൊണ്ട് തൊണ്ടി
എടുക്കേണ്ടി വന്നില്ല. ഭർത്താവ് ഭാര്യയെ കുത്തിയതാ. വയറു വേദനയായിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു ഭാര്യ. സംശയ രോഗമുള്ള
ഭർത്താവ്. ഫോൺ വിളിയുടെ പേരും പറഞ്ഞ് വഴക്കിടാറുണ്ട്. ആശുപത്രിയിൽ വച്ചും വഴക്കിട്ടു. കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തി.
പിന്നീട് കേസ് രാജിയാക്കി. കുത്തിയതല്ല. ഉറക്കത്തിൽ നിന്ന് എണീറ്റപ്പോൾ തല കറങ്ങി താഴെ വീണു. ഗ്ലൂക്കോസ് സ്റ്റാന്‍റിൽ കൊണ്ട് മുറിവു
പറ്റി എന്നൊരു കഥ കോടതിയിൽ പറഞ്ഞു ഭാര്യ. ഫോൺ വിളിയുടെ പേരിൽ കുത്തിയ ഭർത്താവിന്‍റെ കൂടെ എന്തു വിശ്വാസത്തിലാണോ
വീണ്ടും ജീവിക്കുന്നത്! ആ സ്ത്രീയുടെ അമ്മയും മകൾ പറഞ്ഞ കഥ തന്നെ പറഞ്ഞു. അതു കൊണ്ട് തൊണ്ടിപ്പൊതി അഴിക്കുകയോ
സാക്ഷിയെ കാണിക്കുകയോ മാർക്കു ചെയ്യുകയോ ഒന്നും വേണ്ടി വന്നില്ല.
അന്നു വൈകുന്നേരം തന്നെ ഞാൻ ഭാസ്ക്കരന്‍റെ വീട്ടിൽ പോയി .വീടിനോട് ചേർന്ന് തന്നെയാണ് ആല. ഭാസ്ക്കരൻ ഉണ്ടായിരുന്നില്ല. മകളുണ്ടായിരുന്നു.
"അച്ഛൻ എന്തിയേ, മോളേ "
" പുറത്തെങ്ങാണ്ടും പോയി "
"അമ്മയോ?”
" അമ്മ പണിക്കു പോയതാ "
ഞാൻ മോളുടെ കയ്യിൽ
പിച്ചാത്തി കൊടുത്തിട്ടു പോന്നു.
"മോളേ, അച്ഛൻ വരുമ്പോൾ പ്രത്യേകം പറയണേ നല്ലോണം രാകി മൂർച്ച കൂട്ടണംന്ന്. ഞാൻ നാളെ വരാം."
“മോള് ഏതു ക്ലാസ്സിലാ പഠിക്കുന്നെ?
" ആറാം ക്ലാസ്സിൽ "
"നന്നായി പഠിക്കണം കേട്ടോ "
ഞാനൊന്ന് ചേർത്തു പിടിച്ചപ്പോൾ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ എന്നോട് പറ്റിച്ചേർന്നു നിന്നു ആ കുട്ടി .
“ശരി മോളേ.”
തിരിച്ചു പോന്നപ്പോൾ ഞാനോർത്തു. ആ കുട്ടി വീട്ടിൽ തനിച്ച്. പകൽ പോലും പെൺകുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കാൻ പറ്റാത്ത കാലം. അച്ഛനുണ്ടല്ലോ എന്ന് കരുതിയാകും അമ്മ പണിക്കു പോയത്.
പിറ്റേന്ന് എനിക്ക് പോകാൻ കഴിഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ മീൻകാരി ലളിതയാണത് പറഞ്ഞത്.
കൊല്ലൻ ഭാസ്ക്കരനേം ഭാര്യയേയും മോളേം പോലീസ് കൊണ്ടുപോയത്രെ!
ഭാസ്കരൻ മോളെ ഉപദ്രവിക്കാൻ ചെന്നു.
ആ കൊച്ച് കയ്യിലിരുന്ന പിച്ചാത്തി വച്ച് അയാളെ കുത്തി.
" അയാൾക്കതു തന്നെ വേണം സ്വന്തം മോളെ :- - -“
" അതല്ലേ രസം. സ്വന്തം മോളൊന്നുമല്ലെന്നേ .ആ സ്ത്രീ ഭാസ്ക്കരന്‍റെ കൂടെ ഒളിച്ചോടിപ്പോന്നതാത്രെ! അതും ആ പെങ്കൊച്ചിനേം കൊണ്ട്. അവളോ പെഴച്ചു. കൊച്ചിനേക്കൂടി ---“
"എന്നാലും ആ കൊച്ചിന് കത്തിയെടുത്ത് കുത്താനൊക്കെ ധൈര്യം കിട്ടയല്ലോ –“
" ആരാണ്ട് രാകാൻ കൊടുത്ത ഒരു കൊച്ചു പിച്ചാത്തിയാന്നേ അതു കൊണ്ട് കുത്തിയാൽ എന്തു പറ്റാനാ. അവനെയൊക്കെ അരിവാളെടുത്ത് അരിയുകയാ വേണ്ടത് അവനെ മാത്രല്ല, അവളേം –“
ലളിത രോഷം കൊണ്ടു.-- '
" ലളിതേ ഇന്ന് മീനൊന്നും വേണ്ട."
''അതെന്നാ ചേച്ചീ ?"
"ഇന്നലത്തെ കറി ഇരിപ്പുണ്ട്. മീൻ നാളെ മതി."
" മീൻ മേടിച്ച വകയിൽ 200 രൂപ കിട്ടാനുണ്ടവിടുന്ന്. അതിനി എങ്ങനെ കിട്ടുമോ എന്തോ –“ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് ലളിത പോയി.
ഈശ്വരാ, ആ പിച്ചാത്തി കൊണ്ടായിരിക്കുമോ ----
ഞാൻ പോന്നു കഴിഞ്ഞപ്പോൾ ഭാസ്ക്കരൻ തിരിച്ചെത്തിക്കാണും. മോള് കാര്യം പറഞ്ഞ് കത്തി അയാളുടെ കയ്യിൽ കൊടുക്കുമ്പോഴായിരിക്കും അയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. അല്ലെങ്കിലൊരു പക്ഷേ മുമ്പും അമ്മയില്ലാത്തപ്പോൾ അയാളവളെ ഉപദ്രവിച്ചിട്ടുണ്ടാവും ഇന്നും അതിനു മുതിർന്നപ്പോൾ കുട്ടി ചെയ്തതാവാം. പ്രായത്തിൽ കവിഞ്ഞ മുഴുപ്പും പക്വതയുമുണ്ടവൾക്ക്.
ആ പിച്ചാത്തി പിന്നെയും എന്നെ സംഘർഷത്തിലാക്കിയല്ലോ. അത് തൊണ്ടിയായി രേഖപ്പെടുത്തി പൊലീസ് കൊണ്ടു പോയിട്ടുണ്ടാവും.
അച്ഛനെ കാണാൻ ധൃതിയായി എനിക്ക്. പോകാം... നടന്നതെല്ലാം അച്ഛനോട് പറയാം. ചെല്ലുന്ന കാര്യം വിളിച്ചു പറഞ്ഞേക്കാം.
" മക്കളെ അമ്മേടെ ഫോണെടുത്തോ?”
"ഇല്ല "
“ഫോൺ കണ്ടില്ലല്ലോ ഓഫീസീന്നെടുത്തില്ലേ?”
" ബസ്സിൽ വച്ച് ഞാൻ നിങ്ങളെ വിളിച്ചതല്ലേ.”
“അമ്മേടെ ഫോണിലേക്ക്
ഒന്നു വിളിച്ചേ മക്കളേ”
"റിങ്ങുണ്ട്. അമ്മേടെ ബാഗീന്നാണല്ലോ "
" ബാഗീന്നോ?"
"ദേ അമ്മേ ബാഗിന്‍റെ അറയിൽ കീറലുണ്ട് അതിലൂടെ അടിയിൽ കിടപ്പുണ്ട്.”
" എടുത്തേ "
“അമ്മേ, വേറെ എന്തൊക്കെയോ ഉണ്ട്.
ദേ കുറേ ചില്ലറ പൈസാ. രൂപയുമുണ്ട്. ഇന്നാള് അമ്മ ഞങ്ങളെ വഴക്ക് പറഞ്ഞില്ലേ കാശെടുത്തെന്നും പറഞ്ഞ് നോക്ക് എത്ര രൂപയാ! പേനയുമുണ്ട്.
ദേ ഒരു പൊതി.”
"എവിടെ? ഇതാ അച്ഛന്‍റെ പിച്ചാത്തി! .ബാഗ് ഈ ചതി ചെയ്യുമെന്ന് ആരെങ്കിലും വിചാരിക്കുമോ. വെറുതെ എത്ര ടെൻഷനടിച്ചു. "
"ഇതാണോ അച്ചാച്ചന്‍റെ പിച്ചാത്തി ! ഇതു പോലൊരു പിച്ചാത്തി പണ്ട് അച്ചാച്ചനെനിക്ക് തന്നാരുന്നു."
"നിനക്കോ? എന്തിന്?"
"ബാഗിൽ വച്ചോന്നു പറഞ്ഞു. കുഞ്ഞാണെങ്കിലും ഒരു പിച്ചാത്തി കയ്യിലുള്ളത് നല്ലതാണെന്ന് പറഞ്ഞു."
"അതെവിടെ?"
"എന്‍റെ ബാഗിൽ കാണും"
"അതിങ്ങെടുത്തേ."
“അത് ബാഗിലില്ല...”
“എവിടെപ്പോയി. ?
" ക്ലാസ്സിൽ വച്ച് അത് കൊണ്ട് പെൻസിൽ വെട്ടിയപ്പം ---
“വെട്ടിയപ്പം?..”
“അടുത്തിരുന്ന കുട്ടിയുടെ ദേഹത്ത് കൊണ്ടു. ടീച്ചർ പിച്ചാത്തി വാങ്ങി വച്ചു.
അമ്മയോട് ടീച്ചറിനെ വിളിക്കണമെന്ന് പറയാൻ പറഞ്ഞാരുന്നു."
"എന്നിട്ട് നീ എന്തേ പറഞ്ഞില്ല?
"പിന്നെ ക്ലാസ്സില്ലാരുന്നല്ലോ” അച്ചാച്ചൻ പിച്ചാത്തി കൊടുക്കാനും മകള്‍ സ്കൂളിൽ കൊണ്ടു പോകാനും, ടീച്ചറിന്‍റെ വായീന്നു കേൾക്കാൻ അമ്മയും...
അച്ഛന് പിച്ചാത്തി തിരിയെ കൊടുക്കുമ്പോൾ ഞാൻ ചോദിച്ചു:
"അച്ഛാ ഈ പിച്ചാത്തി ഞാൻ എടുത്തോട്ടെ ?”.
(ചോദിക്കാൻ കാരണം മറ്റൊന്നുമല്ല ഒരു കുത്തുകേസിലെ തൊണ്ടി മറ്റൊരു കുത്തുകേസിലെ തൊണ്ടിയായ സ്ഥിതിക്ക് ഒരു തൊണ്ടി വേണമല്ലോ )
" ഇതേതു പിച്ചാത്തി ?.അച്ഛൻ ഒരു പരിചയവുമില്ലാത്ത പോലെ ചോദിച്ചു.
" അച്ഛന്‍റെ പിച്ചാത്തി."
"എന്‍റെ പിച്ചാത്തിയോ?
അപ്പോ ഇതോ ?."
അച്ഛൻ തലയണക്കീഴിൽ നിന്നും ഒരു പിച്ചാത്തിയെടുത്തു .
"നീ അന്ന് തേച്ച് തന്നതു കൊണ്ട് നല്ല മൂർച്ചയാ ഇതിന് "
" അപ്പോൾ ഇതോ?”
എന്‍റെ അന്ധാളിപ്പുകണ്ട് അച്ഛൻ ചോദിച്ചു: ''നിനക്കിതെന്തു പറ്റി?”
"ഏയ് ഒന്നുമില്ല"
അച്ഛൻ പിച്ചാത്തി തലയണക്കീഴെ വച്ചു.
"ഈ പിച്ചാത്തിയേതാ? അച്ഛൻ ചോദിച്ചു
ഞാനാ പിച്ചാത്തി യാന്ത്രികമായി ബാഗിൽ തിരിച്ചുവച്ചു.
(കുമാരി എന്‍ കൊട്ടാരം: കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനടുത്ത് കട്ടച്ചിറയാണ് സ്വദേശം. പതിനാറാം വയസ്സില്‍ ആദ്യ ബാലകഥയും പത്തൊന്‍പതാം വയസ്സില്‍ ആദ്യചെറുകഥയും പ്രസിദ്ധീകരിച്ചു. പഠനശേഷം എഴുത്തില്‍ സജീവമായി. ആനുകാലികങ്ങളില്‍ വന്ന കഥകളുടെ രണ്ടു സമാഹാരങ്ങള്‍ “നിങ്ങളും ഭാര്യയും ചെടിയും”, “വെറുതെ നടക്കാനിറങ്ങിയവര്‍” എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയില്‍ ചെറുകഥകളും നാടകങ്ങളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോട്ടയം അഡി. ജില്ലാകോടതിയില്‍ ബഞ്ച് ക്ലാര്‍ക്കായി ജോലി ചെയ്യുന്നു. ഇമെയില്‍: knkottaram@gmail.com)
(Image by PIRO4D from Pixabay)