എങ്ങോട്ടുപോയി തിരിച്ചുവരുമ്പോഴും
എന്തൊക്കെയോ മറക്കുന്നു..
ഇന്നലെ കണ്ണട, ഇന്ന് കുട,യിങ്ങ-
നോരോ ദിവസവുമോരോന്ന്...
പുസ്തകം പേന ഡയറിയുമെന്നല്ല
കാലിൽ ചെരുപ്പും മറക്കേ...
ഭാര്യ കുശുകുശുക്കു'ന്നീ മനുഷ്യന്
രോഗമായുണ്ടേ മറവി..'
'ഒക്കെയും നിങ്ങൾ മറന്നേയിരിക്കുന്നു...
പേന പിടിക്കുന്ന നേരം.!'
മക്കളും മെല്ലെപ്പറകയാണച്ഛനീ
ഞങ്ങളെപ്പോലും മറന്നു.!
പ്രായമാകുമ്പോഴീ
യോർമ്മകളൊക്കെയും
ഭാരമാകുന്നുവെന്നാണോ!
'മറവിയനുഗ്രഹ'മെന്നാശ്വസിക്കുന്നു
മരണമടുക്കുന്ന നേരം !
ഏറെ വിശുദ്ധമാം യാത്രയിലൊക്കെയും
ശുദ്ധീകരിക്കുകയാവാം..!
ശൂന്യമാംലോകത്തിലെത്തുവാൻ
ചിന്തയും ശൂന്യമായ് തീരുകയാവാം.
ഞാനില്ല പേരും വയസ്സുമില്ലാതിനി
നിത്യ നിശബ്ദത മാത്രം.
എങ്കിലുമേറെ പ്രിയതരമോർമ്മകള്‍
ഇനിയും മരിക്കാതിരിക്കും
ഏറെ വിലോലമാം ജീവന്‍റെ നൂലിഴ
പെട്ടെന്നു പിഞ്ഞാതിരിക്കാൻ !
ഉണ്ടൊരുപൂക്കാല
മുള്ളിലെന്നോതുന്നു
ചുണ്ടിലെ പുഞ്ചിരി വീണ്ടും!!
(രാജന്‍ കൈലാസ്: ആലപ്പുഴയില്‍ വള്ളികുന്നത്ത് ജനനം. ഫെഡറല്‍ ബാങ്കിലെ ജോലിയില്‍ നിന്നും 2014-ല്‍ സ്വയം വിരമിച്ചു. കൃത്യ അന്തര്‍ദ്ദേശീയ കാവ്യോത്സവത്തില്‍ രണ്ടുതവണ കവിത അവതരിപ്പിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്‍ററിന്‍റെ മാനവീയം പുരസ്കാരം, ഡോ. കെ ദാമോദരന്‍ കവിതാ പുരസ്കാരം, മലയാള സമീക്ഷ പുരസ്കാരം, സ. എം.ടി ചന്ദ്രസേനന്‍ പ്രതിഭാ പുരസ്കാരം, പ്രവാസി മലയാളി പുരസ്കാരം എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ക്കര്‍ഹനായി. അഞ്ചു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. അകം കാഴ്ചകള്‍, ബുള്‍ ഡോസറുകളുടെ വഴി, ഒറ്റയിലത്തണല്‍, Shade of a Single Leaf, മാവു പൂക്കാത്ത കാലം.)