thecreativespace

അവസാനത്തെ പെൺകുട്ടി

By സന്ധ്യ നവീന്‍

ഒരു സിനിമ കണ്ടിട്ട് കരയുന്നവർ ഒരുപാടുണ്ടാവും. പക്ഷേ കഥകൾ വായിച്ച് കരയുന്നവർ അത്രയധികമുണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരു പക്ഷെ, ഈ കദന കഥ വായിച്ചാൽ ഏതു കഠിനഹൃദയരുടെയും കണ്ണുകൾ നിറയും. അത്ര ഹൃദയസ്പർശിയായ ഒരു ജീവിതകഥയാണ് " ദി ലാസ്റ്റ് ഗേള്‍” (The Last Girl). സത്യത്തിൽ ഈ പുസ്തകം ലൈബ്രറിയിൽ നിന്നെടുത്തത് ഒരു കൗതുകത്തിന്‍റെ പേരിലായിരുന്നു. പക്ഷേ നാദിയ മുറാദ് എന്ന പാവം യസീദി പെൺകുട്ടി അനുഭവിച്ച നരകയാതനകൾ വായിച്ചപ്പോൾ ആ പുസ്തകം ഒരുപാടുപേർക്ക് പ്രചോദനമാവണം എന്ന് തോന്നുകയുണ്ടായി. എന്താണ് നാദിയ മുറാദ് ഈ പുസ്തകത്തിലൂടെ നമ്മോട് പറയുന്നത്? ഒരു ചെറിയ വിശകലനം :

2018 ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടിയ ഇറാഖി പെൺകുട്ടിയാണ് നാദിയ മുറാദ്. വടക്കൻ ഇറാഖിൽ താമസമുറപ്പിച്ച ഒരു നാടോടി ഗോത്രത്തിലെ യസീദിപ്പെൺകുട്ടിയാണ് നാദിയ. അവൾ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് സ്വദേശത്തെത്തി.  ഇന്ന് ജർമ്മനിയുടെ മണ്ണിൽ താമസിക്കുന്നു. അന്ന് താനനുഭവിച്ച നരകയാതനകളുടെ കഥ, ജെന്ന ക്രാജെസ്കി എന്ന പത്രപ്രവർത്തകയുടെ എഴുത്തിലൂടെ നമുക്ക് പറഞ്ഞു തരികയായിരുന്നു അവൾ. അങ്ങനെയാണ് ദി ലാസ്റ്റ് ഗേള്‍ എന്ന പുസതകം പിറവിയെടുത്തത്. അവളുടെ കഥ കേട്ടവരൊക്കെ ഞെട്ടിത്തരിച്ചു. ആ ഇരുപത്തിയൊന്നുകാരിയുടെ അതിജീവനത്തിന്‍റെ കഥകൾ ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമായി താനും, തന്നെപ്പോലെയുള്ള നൂറുകണക്കിന് പെൺകുട്ടികളും ഐ എസ് എന്ന ഭീകര സംഘടനയുടെ ലൈംഗിക അടിമകളാക്കപ്പെട്ടതും , ഉപയോഗശേഷം ചില്ലിക്കാശിനു വേണ്ടി കൈമാറ്റം ചെയ്യപ്പെട്ടതും അവൾ ധീരതയോടെ തുറന്നു പറഞ്ഞു. യസീദികൾ അനുഭവിച്ച നരകയാതനകളിലേയ്ക്കും, മൃഗീയതകളിലേയ്ക്കും  ശക്തമായ ഉൾക്കാഴ്ച നൽകുന്ന പുസ്തകമാണ് ദി ലാസ്റ്റ് ഗേള്‍.

ഈ പുസ്തകത്തിൽ നാദിയയുടെ കുടുംബത്തെക്കുറിച്ചും, യസീദി വംശജരെക്കുറിച്ചും , ഐ എസ് ന്‍റെ മനുഷ്യവംശഹത്യയെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇറാഖിൽ കൊച്ചോ എന്ന ഗ്രാമത്തിൽ സമാധാനപൂർണ്ണമായ ബാല്യകാല ജീവിതം നയിച്ച ആ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് പൊടുന്നനെ കടന്നു വന്ന  ക്രൂരാനുഭവങ്ങളുടെ നീണ്ട യാതനാ ദിനങ്ങൾ ....ഒടുവിൽ പൊരുതി ജയിച്ച് ജർമ്മനിയുടെ സുരക്ഷിത താവളത്തിലെ ദിവസങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ വളരെ വിശദമായി പറഞ്ഞിരിക്കുന്നു. അവൾ നേരിട്ട ക്രൂരാനുഭവങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ കണ്ണുകൾ ഈറനണിയാത്ത ഒരു സ്ത്രീ പോലുമുണ്ടാവില്ല. ഓരോ നിമിഷവും അവൾ മറക്കാതെ എഴുതിച്ചേർത്തിരിക്കുന്നു. നാദിയ സമാധാനത്തിനുള്ള നോബേൽ പുരസ്കാര ജേതാവും, ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്‍റെ ആദ്യ ഗുഡ്‍വില്‍ അംബാസിഡറുമാണ്.  

2014 ലെ ഐ എസ് ആക്രമണത്തിന്‍റെ പ്രധാന അജണ്ട നാദിയയുടെ ഗ്രാമത്തിലെ യസീദി വംശജരെ വംശഹത്യക്കിരയാക്കുക, കൂടാതെ പെൺകുട്ടികളെ കൂട്ടമായി മാനഭംഗപ്പെടുത്തുക, എന്നിവയായിരുന്നു. ഐ എസ് ന്‍റെ വികൃതമായ സദാചാരത്തിൽ ക്രിസ്ത്യാനികളും, ഷിയാകളുമടക്കമുള്ളവരിൽ നിന്ന് വ്യത്യസ്തമായി യസീദികളെ വ്യവസ്ഥാപിതമായി ബലാത്സംഗം ചെയ്യാം എന്നതായിരുന്നു. അങ്ങനെയാണ് നാദിയ മുറാദിന്‍റെ ഗ്രാമവും ആക്രമിക്കപ്പെട്ടത്. ഇറാഖിൽ ഐ എസ് നെതിരെ ഒരു വർഷത്തിലേറെക്കാലം അവൾ നീതിക്കായി പോരാടി. ആ പരിശ്രമം വിജയം കൈക്കൊണ്ടു എന്നു തന്നെ വേണം പറയാൻ. ഇറാഖിൽ ഐ എസ് ചെയ്ത കുറ്റകൃത്യങ്ങളുടെ തെളിവുകൾ ശേഖരിക്കാൻ യു എന്‍ രക്ഷാസമിതി ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. നാദിയക്കും കൂടെയുള്ള മറ്റ് പെൺകുട്ടികൾക്കും അതൊരു വിജയമായിരുന്നു.   

2014 ൽ കൊച്ചോ എന്ന യസീദി ഗ്രാമത്തിൽ നിന്ന് രണ്ട് കർഷകരെ കാണാതായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നാദിയയുടെ കുറച്ചു വലിയ കുടുംബമായിരുന്നു -- എട്ട് സഹോദരൻമാരും, രണ്ടു സഹോദരിമാരും. കൂടെ മാതാപിതാക്കളും. വളരെ സന്തുഷ്ടമായ കുടുംബത്തെയാണ് ഐ എസ് ഛിന്നഭിന്നമാക്കിയത്. യസീദിസം ഒരു മതമല്ലെന്ന് പറഞ്ഞു പരത്തുകയും , യസീദികൾ പ്രാർത്ഥിക്കുന്നത് താവൂസി മെലെക്കിനോടാണെന്നും ഖുർ ആനിലെ ഇബ്ലീസിനെ പോലെ ദൈവത്തെ വഞ്ചിച്ച പ്രധാന മാലാഖയാണ്  താവൂസിമെലെക്ക് എന്നും ഒരു വിലയിരുത്തലുണ്ട്. ഈ ദുർവ്യാഖ്യാനം ദൂരവ്യാപക ഫലങ്ങളുണ്ടാക്കുകയും യസീദി വംശജരെ ഇല്ലാതാക്കുന്നതിനും കാരണമായി വന്നു ഭവിച്ചു. അന്നത്തെക്കാലത്തുള്ള ഇറാഖി ഗ്രാമമായ കൊച്ചോയിൽ ഐ എസ് നടത്തിയ ആക്രമണങ്ങളുടെ കാരണവും ഇതു തന്നെയായിരുന്നു എന്നാണ് നാദിയ ഈ പുസ്തകത്തിലൂടെ നമ്മോട് പറയുന്നത്.  

തട്ടിയെടുത്ത് അടിമയാക്കി, ക്രൂരമായി ബലാൽസംഗം ചെയ്യുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തപ്പോഴും , ഒറ്റ നാൾ കൊണ്ട് അവളുടെ കുടുംബത്തിലെ എല്ലാവരേയും കൊല ചെയ്തപ്പോഴും അവർ ലക്ഷ്യമിട്ടത് നാദിയയെ നിശ്ശബ്ദയാക്കാം എന്നതായിരുന്നു. പക്ഷേ അവരുടെ ശ്രമം വിലപ്പോയില്ല. അനാഥ , ഇര , അടിമ , അഭയാർത്ഥി ഇങ്ങനെ ജീവിതം നൽകിയ എല്ലാ മേൽവിലാസങ്ങളേയും അവൾ കാറ്റിൽപ്പറത്തി വേറെ ചില പേരുകൾ സ്വയം സൃഷ്ടിച്ചെടുത്തു. അതിജീവിച്ചവൾ , യസീദി നേതാവ് , സ്ത്രീകളുടെ വക്താവ് , നോബേൽ സമ്മാന ജേതാവ് , യു എന്‍-ന്‍റെ ഗുഡ്‍വില്‍ അംബാസിഡർ ...ഇപ്പോഴിതാ എഴുത്തുകാരിയും. അതിക്രൂരമായ വംശഹത്യക്കിരയായ ഓരോ യസീദിപെൺകുട്ടിയുടെയും ശബ്ദമായി അവൾ മാറുകയായിരുന്നു. ഒപ്പം അപമാനിക്കപ്പെടുകയും, നിന്ദിക്കപ്പെടുകയും ചെയ്ത അഭയാർത്ഥികളുടെ പ്രതീകവും.

 ദി ലാസ്റ്റ് ഗേള്‍ വായിച്ചു കഴിഞ്ഞപ്പോൾ എന്‍റെ മനസ്സിൽ നാദിയ മുറാദിനെപ്പോലെ അതിജീവനത്തിന്‍റെ പാതയിലൂടെ മുന്നേറുന്ന, നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചു പിടിക്കാൻ വെമ്പുന്ന സ്ത്രീകളോട് ബഹുമാനവും, അതിനൊപ്പം ഒരു സ്ത്രീയെന്ന നിലയിൽ അഭിമാനവും തോന്നി. കാരണം സ്ത്രീ അബലയാണെന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് നാദിയ മുറാദിനെയും , മലാലയേയും പോലുള്ള ധീരവനിതകൾ നേട്ടം കൈവരിച്ചത്. സ്ത്രീ അബലയല്ല , പൊരുതി ജീവിത വിജയം കൈവരിക്കുക തന്നെ ചെയ്യും എന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഇങ്ങനെയുള്ള ധീരവനിതകൾ ഒരു നിമിത്തമാവട്ടെ . കുറ്റവാളികളെ നീതിപീഠത്തിനു മുൻപിൽ എത്തിക്കാനുള്ള ചങ്കുറ്റം പെൺ മനസ്സുകൾക്ക് ഉണ്ടാവട്ടെ.

 

(സന്ധ്യ നവീന്‍: നെറ്റ് ഇന്‍ഡ്യ എന്ന സോഫ്റ്റ് വെയര്‍ കമ്പനിയില്‍ എസ് ഇ ഓ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. എഴുത്തും വായനയും ഏറെ ഇഷ്ടപ്പെടുന്ന സന്ധ്യ ‘നഷ്ടവസന്തം” എന്ന ഒരു ഹ്രസ്വചിത്രവും (https://www.youtube.com/watch?v=NqvKOlupfJM) ‘അഗ്നിചിറകുള്ള പക്ഷി’ എന്ന ഒരു ഡോക്യുമെന്‍ററി ചിത്രവും (https://www.youtube.com/watch?v=vwm4MoFkSpI) സംവിധാനം ചെയ്തിട്ടുണ്ട്. ‘നഷ്ടവസന്ത’ത്തിന് 2018-ല്‍ ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം സ്പെഷ്യല്‍ ജൂറി അവാര്‍ഡും, ‘അഗ്നിചിറകുള്ള പക്ഷി” ക്ക് 2020-ല്‍ അനന്തപുരി ഡോകുമെന്‍ററി ഫിലിം ഫെസ്റ്റ് എക്സലന്‍റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.)  

 

(Image by StockSnap from Pixabay)

Recent Posts
AND.... THE OSCAR GOES TO YOU...
അതിരുകൾ
The Yakshi
In Search of a Beloved Pearl
Tiger Mother
ഓറഞ്ചു വാങ്ങിക്കാൻ…
PENCIL & INK
The River
Abnegation
Ode to the Self
Beyond the Seven Seas…
Insight
Shadows
അവസാനത്തെ പെൺകുട്ടി
പിച്ചാത്തി
HISTORY MIRACULOUS...
രാഗാന്വേഷി...
CONFESSION
Breaking Dust
Looking into my Shadow
Sacred Pain
The Veiled Rebecca
ഉത്തിഷ്ഠ പുരുഷി!,…
The Will of a Revolutionary
പ്രണയത്തിന്‍റെ…
On Creativity
അനുഭൂതികളുടെ താളങ്ങളും…
മറവി
Two Chennai Poems

View More >>