thecreativespace

പ്രണയത്തിന്‍റെ രാജകുമാരി

By സന്ധ്യ നവീന്‍

“Your body is my prison Krishna

I cannot see beyond it.

Your darkness blinds me

Your love words shut out the wise world’s din.”

പ്രേമത്തിന്‍റെ മൂര്‍ത്തിമത്ഭാവമായ ശ്രീകൃഷ്ണനെ തന്‍റെ സങ്കല്‍പ കാമുകനാക്കിയ വിശ്വപ്രസിദ്ധസാഹിത്യകാരി. കൃഷ്ണനെ തന്‍റെ കളിക്കൂട്ടുകാരനായാണ് കമലാ ദാസ് കണ്ടിരുന്നത്. തന്‍റെ എഴുത്തുകളിലൂടെ മായികമായ ഒരു അന്തരീക്ഷം നിര്‍മ്മിച്ച്, ആ ആനന്ദ നിര്‍വൃതിയിലാറാടി സൃഷ്ടികളെ മനോഹരമാക്കാനുള്ള ഒരു പ്രത്യേക കഴിവ് നമ്മുടെ ഈ പ്രിയപ്പെട്ട സാഹിത്യകാരിക്കുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവര്‍ന്ന മാധവിക്കുട്ടിയെക്കുറിച്ച് എന്‍റെ മനസ്സിലെ ചിന്തകള്‍ ഞാനിവിടെ കുറിക്കട്ടെ.

നീര്‍മാതളത്തിന് ഇത്ര വശ്യതയും മനോഹാരിതയും വന്നു ചേര്‍ന്നത് മലബാറിന്‍റെ രാജ്ഞിയായ ഈ പ്രണയിനിയുടെ മാന്ത്രികസ്പര്‍ശമേറ്റപ്പോഴാണ്. നമ്മുടെ പ്രണയത്തിന്‍റെ രാജകുമാരി ആമിയായും, മാധവിക്കുട്ടിയായും, കമല സുരയ്യയായും മലയാളത്തിലും, കമലാ ദാസ് എന്ന പേരില്‍ ഇംഗ്ലീഷ് സാഹിത്യത്തിലും പേരെടുത്ത എഴുത്തുകാരിയാണ് – ആവിഷ്കരിക്കുന്ന കഥാപാത്രങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞ, വായനക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാകാരി.

ആമി 1934 മാര്‍ച്ച് 31-ന് തൃശൂര്‍ പുന്നയൂര്‍ക്കുളം എന്ന ദേശത്ത് വളരെ പേരെടുത്ത നാലപ്പാട്ട് തറവാട്ടില്‍, മാതൃത്വത്തിന്‍റെ മഹനീയഭാവമായ, പത്മഭൂഷണ്‍ ബഹുമതി വരെ നേടിയ ശ്രീമതി ബാലാമണിയമ്മയുടെ മകളായി ജനിച്ചു. നാലപ്പാട്ടു വീട്ടിലെ കൊച്ചുകുട്ടിയമ്മയുടെ തമ്പുരാന്‍ നാല്‍പതാമത്തെ വയസ്സില്‍ മരണമടഞ്ഞു. 8 മാസം കഴിഞ്ഞ് ആമി ജനിച്ചപ്പോള്‍ അവള്‍ തന്‍റെ ഭര്‍ത്താവിന്‍റെ പുനര്‍ജന്മമാണെന്ന് ആ സാധ്വി വിശ്വസിച്ചു. തമ്പുരാന്‍റെ പുസ്തകഭ്രമം ആമിക്കും ഉണ്ടായിരുന്നു. നാലപ്പാട്ടു തറവാടാകട്ടെ, പുസ്തകങ്ങളുടെ ഒരു കലവറയായിരുന്നു താനും. ആമിയ്ക്കും അമ്മയെക്കാള്‍ സ്നേഹം തന്‍റെ അമ്മമ്മയോടായിരുന്നു. നാലപ്പാട്ടു തറവാടും, കൃഷ്ണനാട്ടവും, പുന്നയൂര്‍ക്കുളവും, സര്‍പ്പക്കാവുമൊക്കെ കമലയുടെ ജീവിതത്തിലെ പുഷ്കരമായ കാലത്തിന്‍റെ ഭാഗങ്ങളായിരുന്നു.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും തീവ്രമായി ആഗ്രഹിച്ചിരുന്ന ആമിക്ക് അമ്മമ്മയുടെ വാത്സല്യവും പരിചരണവും ലഭിച്ചിരുന്ന ആ കാലം ജീവിതത്തിലെ വസന്തകാലഘട്ടമായിരുന്നു. അമ്മമ്മ തന്നെ കാച്ചെണ്ണ തേപ്പിക്കുന്നതും, മഞ്ഞള്‍ അരച്ച് കുളിപ്പിക്കുന്നതും മറ്റും ഒത്തു ചേര്‍ന്ന ആ ബാല്യത്തിലെ സുന്ദരനിമിഷങ്ങളൊക്കെത്തന്നെ തന്‍റെ കവിതകളിലും, കഥകളിലും മാധവിക്കുട്ടി പ്രതിപാദിച്ചിട്ടുണ്ട്. ‘നീര്‍മാതളം പൂത്ത കാലം,’ “ബാല്യകാലസ്മരണകള്‍,’ – ഈ രണ്ടു കൃതികളും ബാല്യത്തിന്‍റെ സൌന്ദര്യം വേണ്ടുവോളം പകര്‍ത്തിയിരിക്കുന്നു.

ആമിയോളം സുന്ദരമായ നീര്‍മാതളം പിന്നെ മലയാള മനസ്സില്‍ പൂത്തിട്ടില്ല എന്നു നിസ്സംശയം പറയാന്‍ കഴിയും. ആമി ഒരിക്കല്‍ അമ്മമ്മയോട് ചോദിച്ചത്രേ, “ഉണ്ണിക്കണ്ണനെ എനിക്ക് വരനായി കിട്ടുവോ അമ്മമ്മേ? അമ്മമ്മ കൊച്ചുമകളുടെ ആഗ്രഹം കേട്ട് പൊട്ടിച്ചിരിച്ചത്രേ. എന്നിട്ട് പറഞ്ഞു, “കിട്ടും ആമീ...” അത്ര മേല്‍ ആമി കൃഷ്ണന് തന്‍റെ  മനസ്സില്‍ കാമുകസ്ഥാനം കൊടുത്തിരുന്നു.

നാലപ്പാട്ട് പുസ്തകശേഖരത്തില്‍ ധാരാളം ക്ലാസ്സിക്കുകളും ഉണ്ടായിരുന്നു. തന്‍റെ ഒന്‍പതാമത്തെ വയസ്സില്‍ തന്നെ ആമി വാള്‍ട്ട് വിറ്റ്മാന്‍ എന്ന അമേരിക്കന്‍ കവിയുടെ ‘ലീവ്സ് ഓഫ് ഗ്രാസ്’ വായിച്ചു തീര്‍ത്തിരുന്നു. 14 വയസ്സായപ്പോഴേക്കും വിശ്വപ്രസിദ്ധസാഹിത്യകൃതികള്‍ എല്ലാം തന്നെ ആമിയുടെ കൈകളിലൂടെ കടന്നു പൊയ്ക്കഴിഞ്ഞിരുന്നു.ഇതിനിടയില്‍ പത്താമത്തെ വയസ്സില്‍ എഴുതിത്തുടങ്ങുകയും ചെയ്തു. തല പോയ തന്‍റെ പാവക്കുട്ടികളെ കുറിച്ചായിരുന്നു ആദ്യം എഴുതാന്‍ തുടങ്ങിയത്. കൂടുതല്‍ സ്വാതന്ത്ര്യം കുട്ടിക്കാലം മുതല്‍ കിട്ടിയത് കൊണ്ടാവാം മറ്റുള്ളവര്‍ കാണാത്തതും, ചിന്തിക്കാത്തതുമായ കാര്യങ്ങളൊക്കെ കാണാനും, ചിന്തിക്കാനും കമലയ്ക്ക് സാധിച്ചത്.

കല്‍ക്കത്തയിലായിരുന്നു പഠനം. കമലാ ദാസിന്‍റെ സ്കൂളില്‍ ഒപ്പം പഠിച്ച കൂട്ടുകാരൊക്കെ അന്നത്തെക്കാലത്ത് വെള്ളക്കാരായിരുന്നു. പക്ഷേ, തൊലിയുടെ കറുപ്പ് ഒരിക്കലും തന്‍റെ കുട്ടിയുടെ പഠനത്തെ ബാധിക്കരുതെന്ന് അഛന്‍ വി.എം. നായര്‍ക്ക് ശാഠ്യമുണ്ടായിരുന്നു. ആമി അഛന്‍റെ ആഗ്രഹത്തിനൊത്തവണ്ണം നന്നായി പഠിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ അസാധാരണമായ പാണ്ഡിത്യം അന്നേ കൈവശമാക്കുകയും ചെയ്തു. അമ്മ ബാലാമണിയമ്മ തന്നെ ഓമനിച്ചിരുന്നില്ല എന്നും, തന്‍റെ മുടി കോതിത്തരികയോ, കൂടെ ചേര്‍ത്തു പിടിച്ചു കിടത്തുകയോ ചെയ്യാറില്ലായിരുന്നു എന്നും, തന്നെ ഊട്ടി വളര്‍ത്തിയതും, സ്നേഹിച്ചിരുന്നതും അമ്മമ്മയും നാലപ്പാട്ടെ വാല്യക്കാരികളുമായിരുന്നു എന്നും കമല പറഞ്ഞിട്ടുണ്ട്. അമ്മ ബാലാമണിയമ്മ പൂജയ്ക്ക് വെച്ച പുഷ്പം പോലെയായിരുന്നു എന്ന് ആമി പറയുമ്പോള്‍ സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും തീവ്രമായി ആഗ്രഹിച്ചിരുന്ന ഒരു മനസ്സ് നമുക്ക് കാണാന്‍ കഴിയും.

സ്ത്രീമനസ്സിന്‍റെ സങ്കീര്‍ണ്ണതയിലേയ്ക്കും, നിസ്സഹയാതയിലേയ്ക്കും ഇറങ്ങിച്ചെന്ന് തൂലികയിലൂടെ ആ ഭാവങ്ങളെല്ലാം വായനക്കാരിലേക്ക് പകര്‍ന്നു നല്‍കാന്‍ ഒരു പക്ഷേ മാധവിക്കുട്ടിയെപ്പോലെ മറ്റാര്‍ക്കെങ്കിലും കഴിയുമോ എന്ന് സംശയം.

സ്വതസിദ്ധമായ ചിന്തകളെപ്പോലും ഒളിപ്പിച്ചു വയ്ക്കാന്‍ വിധിക്കപ്പെട്ട പെണ്‍ജീവിതങ്ങള്‍ക്ക് ധൈര്യം കൊടുത്ത്, ചിലപ്പോള്‍ ഒരു സ്ത്രീക്ക് മാത്രം മനസ്സിലാവുന്ന ചില വലിയ രഹസ്യങ്ങള്‍, ശരീരത്തിലെ ചില മാറ്റങ്ങള്‍, ചില വ്യഭിചാരകാമനകള്‍, മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആസക്തികള്‍, എന്നിവയെല്ലാം തന്‍റെ സങ്കല്‍പവുമായി ചേര്‍ത്തു വെച്ച് മറയില്ലാതെ എഴുതാന്‍ മറ്റാരെക്കാളുമുപരി മാധവിക്കുട്ടിക്ക് കഴിയുമായിരുന്നു. സ്ത്രീത്വത്തെ അത്രമേല്‍ പ്രണയിച്ചും, കാമിച്ചും തീര്‍ത്ത ഒരു ജീവിതമായിരുന്നു അവരുടേത്.

1949 ഫെബ്രുവരി 5-ന് മാധവിക്കുട്ടി മാധവദാസ് എന്ന ബാങ്ക് ഓഫീസറുടെ ഭാര്യയായി. അദ്ദേഹം തന്‍റെ ഭാര്യയുടെ എഴുത്തിനെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. ദാസേട്ടന്‍ മാധവിക്കുട്ടിയുടെ പൂര്‍ണ്ണസംരക്ഷകനും അഭ്യുദയകാംക്ഷിയും ആയിരുന്നു.

1999-ല്‍ ആമി ഇസ്ലാം മതം സ്വീകരിച്ചു. മതം മാറി കമല സുരയ്യയായപ്പോള്‍ പല വിവാദങ്ങളിലും ചെന്നുപെട്ടു. പക്ഷേ, ഈ വിമര്‍ശനങ്ങളെയും വിവാദങ്ങളെയുമെല്ലാം കാറ്റില്‍ പറത്തി ആ തൂലിക പിന്നെയും, പിന്നെയും ചലിച്ചു കൊണ്ടിരുന്നു. മാധവിക്കുട്ടിയുടെ ആത്മകഥയായ ‘എന്‍റെ കഥ’ പതിനഞ്ചോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സങ്കല്‍പവും യാഥാര്‍ഥ്യവും ഇഴചേര്‍ന്ന് കിടക്കുന്ന ഒന്നാണ് ഈ കൃതി. മക്കള്‍ ഉപേക്ഷിച്ചു പോയ ഒരമ്മയുടെ നിസ്സഹായതയും ദയനീയതയും ചിത്രീകരിക്കുന്ന വേറൊരു കഥയാണ് ‘അമ്മ.’ ‘നെയ്പായസം’ എന്ന കഥയാണെങ്കില്‍ ജീവിതം മുഴുവന്‍ ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി കഷ്ടപ്പെടുന്ന ഒരു വീട്ടമ്മയുടെ കഥയും – ഏറെ മധുരതരമാണ് മാധവിക്കുട്ടിയുടെ ഓരോ രചനയും. തന്‍റെ ജീവിതം സമ്പല്‍സമൃദ്ധി നിറഞ്ഞതാണെങ്കിലും ചുറ്റും കാണുന്ന സാധാരണ ജീവിതങ്ങളും അവര്‍ സസൂക്ഷ്മം വീക്ഷിച്ചിരുന്നു. തന്‍റെ ഇംഗ്ലീഷ് കവിതകള്‍ മനസ്സിന്‍റെ തുറന്ന പ്രകാശനമാണ് എന്നും അവര്‍ പറഞ്ഞിട്ടുണ്ട്. Summer in Calcutta എന്ന കവിതാസമാഹാരത്തില്‍ ‘The Sunshine Cat’ എന്ന കവിത വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. ജീവിതത്തിലെ സകല പ്രതീക്ഷകളും നഷ്ടപ്പെട്ട് വിഷാദരോഗത്തിന് അടിമയായ ഭാര്യയെ മുറിയില്‍ അടച്ചു പൂട്ടുന്ന ക്രൂരനായ ഒരു ഭര്‍ത്താവ്. വളരെ കൌതുകകരവും, ഹൃദയസ്പര്‍ശിയും അനന്യവുമാണ് ഈ എഴുത്തുകാരിയുടെ മനോവ്യാപാരങ്ങള്‍....

അമ്മ ബാലാമണിയമ്മ സൌമ്യതയുടെയും മാതൃത്വത്തിന്‍റെയും ഉത്തമോദാഹരണമാണെങ്കില്‍ കമല വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. നന്ദ്യാര്‍വട്ടപ്പൂവ് പോലെയാണ് സ്നേഹിക്കപ്പെടുന്ന സ്ത്രീ എന്നും, അവളുടെ മുഖം എന്നും സുന്ദരമായിരിക്കും എന്നും കമല പറഞ്ഞിട്ടുണ്ട്.

അനേകം പുരസ്കാരങ്ങള്‍ കമലയെത്തേടി വന്നു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, തുടങ്ങിയങ്ങനെ പോകുന്നു.

“ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ എല്ലാ രാത്രികളിലും ഞാന്‍ നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നുറങ്ങും. മാന്‍പേടകളും മയിലുകളും വിഹരിക്കുന്ന സ്ഥലത്ത് ഞാന്‍ ജീവിക്കും.”

“സ്നേഹം ഒരു നദി പോലെയാണ്. ഇത്ര ഭാഗം വാത്സല്യം, ഇത്ര ഭാഗം പ്രണയം, ഇത്ര ഭാഗം സൌഹൃദം എന്ന് വേര്‍തിരിക്കാന്‍ പറ്റില്ല. അതു കൊണ്ടല്ലേ സ്നേഹത്തിനിത്ര ഭംഗിയും...”

പ്രണയത്തിന്‍റെ രാജകുമാരിയായ നമ്മുടെ എഴുത്തുകാരിയെ നാം മലയാളികള്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ?....

2009 മെയ് 31-ന് ആ രാജകുമാരി നിത്യതയിലേക്ക് പറന്നുപോയി. എനിക്ക് ഉറപ്പുണ്ട് നമ്മുടെ ഈ രാജകുമാരി നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് അനിതരസാധാരണമായ പ്രകാശം ചൊരിയുന്നുണ്ടാവുമെന്ന്. അവിടെയിരുന്ന് നമ്മുടെ സ്ത്രീമനസ്സുകള്‍ക്ക് ധൈര്യവും ബലവും പകരുന്നുമുണ്ടാവാം.  

 

(സന്ധ്യ നവീന്‍: നെറ്റ് ഇന്‍ഡ്യ എന്ന സോഫ്റ്റ് വെയര്‍ കമ്പനിയില്‍ എസ് ഇ ഓ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. എഴുത്തും വായനയും ഏറെ ഇഷ്ടപ്പെടുന്ന സന്ധ്യ ‘നഷ്ടവസന്തം” എന്ന ഒരു ഹ്രസ്വചിത്രവും (https://www.youtube.com/watch?v=NqvKOlupfJM) ‘അഗ്നിചിറകുള്ള പക്ഷി’ എന്ന ഒരു ഡോക്യുമെന്‍ററി ചിത്രവും (https://www.youtube.com/watch?v=vwm4MoFkSpI) സംവിധാനം ചെയ്തിട്ടുണ്ട്. ‘നഷ്ടവസന്ത’ത്തിന് 2018-ല്‍ ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം സ്പെഷ്യല്‍ ജൂറി അവാര്‍ഡും, ‘അഗ്നിചിറകുള്ള പക്ഷി” ക്ക് 2020-ല്‍ അനന്തപുരി ഡോകുമെന്‍ററി ഫിലിം ഫെസ്റ്റ് എക്സലന്‍റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.)   

 

Recent Posts
Tiger Mother
ഓറഞ്ചു വാങ്ങിക്കാൻ…
PENCIL & INK
The River
Abnegation
Ode to the Self
Beyond the Seven Seas…
Insight
Shadows
അവസാനത്തെ പെൺകുട്ടി
പിച്ചാത്തി
HISTORY MIRACULOUS...
രാഗാന്വേഷി...
CONFESSION
Breaking Dust
Looking into my Shadow
Sacred Pain
The Veiled Rebecca
ഉത്തിഷ്ഠ പുരുഷി!,…
The Will of a Revolutionary
പ്രണയത്തിന്‍റെ…
On Creativity
അനുഭൂതികളുടെ താളങ്ങളും…
മറവി
Two Chennai Poems

View More >>