ഡോക്ടറെ കണ്ടു മടങ്ങുന്ന വേളയില്‍ രവിക്കു തോന്നി കാവിലമ്മയുടെ സവിധത്തില്‍ ഒന്നു പോകണമെന്ന്. സന്ധ്യ ആകാറായെങ്കിലും വെളിച്ചം മറഞ്ഞില്ലായിരുന്നു. സുമ എതിര്‍ത്തെങ്കിലും രവിക്കു പോകാതിരിക്കാന്‍ തോന്നിയില്ല.
മനസ്സില്‍ ഭയത്തിന്‍റെ തിരകള്‍ തിമര്‍ത്താടി നുരയും പതയും ആയി പതിയുന്ന നേരത്ത് ഉയിര്‍ കൊണ്ടുണരുന്ന ഏതോ വര്‍ണ്ണാഭമായ ഒരു അമൂര്‍ത്തരൂപം തന്നെ ആവാഹിച്ചു ഉള്‍വലിയുന്നപോലുള്ള ഒരു തോന്നല്‍. അതു മാറ്റാന്‍ മരുന്നുകള്‍ക്ക് കഴിവില്ലായിരുന്നു. മുമ്പ് അതിനോടൊപ്പം വന്നിരുന്ന ചുഴലി മാറിയെങ്കിലും, ഈ അനുഭൂതിയുടെ ഇടയ്ക്കിടയ്ക്കുള്ള സന്നിവേശം മാറിയില്ല. ആ അമൂര്‍ത്തരൂപം ഭീതിദമായിരുന്നെങ്കിലും അതിനുമുണ്ടായിരുന്നു ഒരു രൗദ്രവശ്യത. അത് മോഹിപ്പിച്ചു ദേഹിയേയും ദേഹത്തേയും സ്വപ്നാടനത്തിലെന്നവണ്ണം നയിക്കും എങ്ങോട്ടെങ്കിലും.
മനസ്സിന്‍റെ പിന്നാംപുറത്തു കത്തിത്തീരാതെ കിടക്കുന്ന കനലുകളില്‍, ദൃശ്യത്തില്‍ നിന്നു ഉതറിവീഴുന്ന കരിയിലകള്‍ വീണു ജ്വാലയായി തെളിയും. ചെറു പിണരുകള്‍ ഭയത്തിന്‍റെ ശോണവര്‍ണ്ണാഭമായ അമൂർത്തസ്മൃതികളാവും. മസ്തിഷ്കമെമ്പാടും അത് ആളിപ്പടര്‍ന്നാല്‍ ബോധത്തിന്‍റെ അസ്തമനമാണ്.
.....................................................................................
മഴക്കാലം തുടങ്ങി. ഇരുട്ടു നേരത്തേ വരും. കാവിലെ വളര്‍ന്നുകയറിയ കാട്ടുവള്ളികളും ചെടികളും മധ്യാഹ്നത്തില്‍ പോലും വെയില്‍ താഴെ വീഴ്ത്താത്ത വന്‍മരങ്ങളും മനസ്സിനും തണുപ്പാണ് തരുക.
നഗരമധ്യത്തില്‍ ഒരു വനം. പേരറിയാത്ത കൊച്ചു കൊച്ചു ചെടികള്‍, അതിലെ മണമുള്ള പൂക്കള്‍. വലിയ മരങ്ങള്‍. അതില്‍ ചുറ്റിക്കയറി ഉഗ്രസര്‍പ്പങ്ങള്‍ പിണഞ്ഞു കയറിയപോലുള്ള വലിയ വള്ളികള്‍.
എന്തോ ദുർജ്ഞേയമായ ആമന്ത്രണം കേട്ടപോലെ രവി മുന്നോട്ടു നടന്നു. അകലെ, അകലെയുള്ള കുളത്തിന്‍റെ കരയിലെ വന്‍വൃക്ഷത്തിന്‍റെ ചുവട്ടില്‍ എന്തോ ഒരു രൂപം തന്നെ ആകര്‍ഷിക്കുന്നതായും തോന്നി. സുഷുപ്തിയില്‍ അമര്‍ന്നപോലെ തോന്നിയ ഒരു രൂപം.
തന്‍റെ അര്‍ദ്ധബോധാവസ്ഥയില്‍ രവിക്കു പറയണമെന്നു തോന്നി
‘എന്തിന് ഉറങ്ങുന്നു ദേവി? എഴുന്നേല്‍ക്കു, എന്‍റെ ഭയം മാറ്റൂ’
എന്നോ പഠിച്ചു മറന്ന സുന്ദരമായ വരികള്‍ അറിയാതെ ചൊല്ലിപ്പോയി
ഉത്തിഷ്ഠ പുരുഷി! കിം സ്വപിഷി?
ഭയം മേ സമുപസ്ഥിതം
ഹേ ദുര്‍ഗ്ഗേ ഭഗവതീ
സകലോപദ്രവം ശമയ
എത്രയോ നാളുകള്‍ കൂടി മനസ്സിലെ ജ്വാല ആളിക്കത്തി മസ്തിഷ്കമെമ്പാടും വ്യാപിക്കുന്നതുപോലെ തോന്നി.
ബോധത്തിന്‍റെ പാളികള്‍ അഴിഞ്ഞുവീണു മറിയുമ്പോള്‍ തന്‍റെ ഇഷ്ടദേവതയെ ഉറക്കെ വിളിച്ചുപോയി.
................................................................................................
രവിയെ കാണാതെ തിരഞ്ഞ സുമ കേട്ടത് വല്ലാത്ത ഒരു ശബ്ദമായിരുന്നു.
ചെന്നു നോക്കിയപ്പോള്‍ കുളത്തിന്‍റെ കരയിലെ ഒരു ശിലയുടെ ചുവട്ടില്‍ അസ്തപ്രജ്ഞനായിക്കിടന്ന രവിയേയും.
കുറെ സമയമെടുത്തു രവി ഉണരാന്‍.
..................................................................................................
അവര്‍ തിരിച്ചു മടങ്ങുമ്പോള്‍ രവി പറഞ്ഞു ‘നോക്ക്, എനിക്കു തോന്നുന്നു ഇനി എനിക്കിത് വരില്ല എന്ന്’.
മായാവിഭ്രമങ്ങളുടെ പൊരുളറിയാതെ സുമയും ആശിച്ചുപോയി ‘യദി ശക്യമശക്യം വാ- സകലോപദ്രവം ശമയ!’
......................................................................................................
വെറും ഒരു കഥയായി മാത്രം ഇതിനെ വായിച്ചാല്‍ മതി.
......................................................................................................
റ്റെമ്പറല്‍ ലോബ് എപിലെപ്സി എന്ന രോഗത്തിന്‍റെ പല ലക്ഷണങ്ങള്‍ക്കും ഒരു ന്യൂറോസൈക്യാട്രിക് സംബന്ധമുണ്ട്. ഇവയില്‍ പലതും വിശദീകരിക്കാന്‍ കഴിയുന്നതല്ല, മാത്രവുമല്ല, സാധാരണക്കാര്‍ക്ക് അവ നന്നായി വിവരിക്കുവാനും സാധിക്കാറില്ല. പലപ്പോഴും ഇത്തരം വികാരങ്ങള്‍ നിഗൂഢമായ ദര്‍ശനങ്ങളായി ഉടലെടുക്കുന്നു. പല ഡോക്ടര്‍മാര്‍ക്കും രോഗിയുടെ രോഗലക്ഷണങ്ങള്‍ മനസ്സിലാകാറില്ല. അവയുടെ ന്യൂറോളജിക്കല്‍ അടിസ്ഥാനങ്ങളെക്കുറിച്ചും അറിയുന്നില്ല. ഇങ്ങിനെ ഭ്രമാത്മകമായ അവസ്ഥയില്‍ പല രോഗികളും മാനസിക രോഗികളായി മുദ്ര കുത്തപ്പെടുന്നു.കൂട്ടത്തില്‍ പറയട്ടെ, റ്റെംപറല്‍ ലോബ് രോഗലക്ഷണങ്ങള്‍ അപൂര്വ്വങ്ങളല്ല. ഇതു വായിക്കുന്ന ചില വായനക്കാര്‍ക്കെങ്കിലും അവ അനുഭവവേദ്യമായിട്ടുണ്ടാകാം. അവര്‍ക്കും “യദി ശക്യമശക്യം വാ—സകലോപദ്രവം ശമയ!”
(ഡോ. കെ. രാജശേഖരന്‍ നായര്‍: എമെറിറ്റസ് പ്രൊഫസ്സര്‍ ഓഫ് ന്യൂറോളജി, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഇന്‍ ന്യൂറോളജി, കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍സ്, തിരുവനന്തപുരം. മുന്‍ ഡയറക്റ്റര്‍-പ്രൊഫസ്സര്‍ & ഹെഡ് ഓഫ് ന്യൂറോളജി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ന്യൂറോളജി, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം. ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ, ഇന്‍ഡ്യന്‍ അക്കാഡമി ഓഫ് ന്യൂറോളജി, ഇന്‍ഡ്യന്‍ എപിലപ്സി അസ്സോസിയേഷന്‍, എന്നിവയുടെ പ്രസിഡന്‍റായിരുന്നു. ന്യൂറോളജിക്കല്‍ ഗവേഷണത്തിന് ഇന്‍ഡ്യയിലെയും യു.കെ, യു.സ്,എ എന്നീ രാജ്യങ്ങളിലെയും യുണിവേഴ്സിറ്റികളില്‍ നിന്നും ശാസ്ത്ര-സാഹിത്യസംഘടനകളില്‍ നിന്നും അനേകം അവാര്‍ഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Evolution of Modern Medicine in Kerala, Despots, Diseases, Doctors and the Destiny of Mankind, Geriatric Neurology, Death: Before and Beyond, ഒരു പുഴയുടെ കഥ, രോഗങ്ങളും സര്‍ഗ്ഗാത്മകതയും, മനസ്സിന്‍റെ ബന്ധങ്ങളും ശൈഥില്യങ്ങളും, ഞാന്‍ തന്നെ സാക്ഷി, വൈദ്യത്തിന്‍റെ സ്മൃതിസൌന്ദര്യം, മുമ്പേ നടന്നവര്‍, മുഖസന്ധികള്‍ എന്നിവ ഏറെ ശ്രദ്ധ നേടിയ കൃതികളാണ്.)
.